49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം.


തിരുവനന്തപുരം: 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 23 ഇടത്ത് ഇടതു  മുന്നണി സ്ഥാനാർത്ഥികൾ ജയിച്ചു. 19 ഇടത്ത് യുഡിഫും മൂന്നിടത്ത് ബിജെപിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു. യുഡിഎഫിന്റെ എട്ട് സിറ്റിങ് സീറ്റുകളും ബിജെപിയുടെ നാല് സിറ്റിങ് സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു. അതേസമയം, രണ്ട് പഞ്ചായത്തിലും ഒരു നഗരസഭയിലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
        തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ തട്ടകമായ പെരിങ്ങമല പഞ്ചായത്തിൽ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് മാറി മത്സരിച്ച മൂന്ന് പേരും ജയിച്ചു. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയ വെള്ളനാട് ശശി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച് ജയിച്ചു.
         വയനാട്‌ ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെയും ബിജെപിയുടെയും നാലു വീതം സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനും തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൻകോട്, മടത്തറ, കൊല്ലായിൽ വാർഡുകളുമാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. ബിജെപി ഭരിക്കുന്ന കരവാരത്ത്‌ പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പറ വാർഡുകളും ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്‌, തോട്ടവാരം വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു.
        കൊല്ലത്ത്‌ മൂന്നിടത്ത്‌ യുഡിഎഫും ഒരിടത്ത്‌ എൽഡിഎഫും വിജയിച്ചു. തൊടിയൂർ പഞ്ചായത്തിലെ പുലിയൂർവഞ്ചി വെസ്റ്റിൽ നജീബ്‌ മണ്ണേൽ (യുഡിഎഫ്‌), ശൂരനാട്‌ തെക്ക്‌ പഞ്ചായത്തിലെ കുമരംചിറയിൽ അജ്‌മൽ ഖാൻ (യുഡിഎഫ്‌), പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറയിൽ ബിന്ദു (യുഡിഎഫ്‌) കരവാളൂർ പഞ്ചായത്തിലെ കരവാളൂർ ടൗണിൽ അനൂപ്‌ പി. ഉമ്മൻ (എൽഡിഎഫ്‌) എന്നിവരാണ്‌ വിജയിച്ചത്‌.
          പത്തനംതിട്ട ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും യുഡിഎഫ് വിജയിച്ചു. ഏഴംകുളം പഞ്ചായത്ത് ഏഴംകുളം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിലെ സി. സദാനന്ദനാണ് വിജയിച്ചത്. എൽഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിൽ ഫലം ഭരണത്തെ ബാധിക്കില്ല. ചിറ്റാർ പഞ്ചായത്തിലെ രണ്ടാം വാർഡ് പന്നിയാറിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി ജോളി വിജയിച്ചു. യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിലെ ഫലവും ഭരണത്തെ ബാധിക്കില്ല.
        കോട്ടയം ജില്ലയിലെ മൂന്ന്‌ പഞ്ചായത്തുകളിലെ മൂന്ന്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മേൽക്കൈ. രണ്ടിടങ്ങളിൽ എൽഡിഎഫും ഒരിടത്ത്‌ യുഡിഎഫ്‌ സ്ഥാനാർത്ഥിയും വിജയിച്ചു. വാകത്താനം പഞ്ചായത്തിലെ വാർഡ്‌ 11 (പൊങ്ങന്താനം), പനച്ചിക്കാട്‌ പഞ്ചായത്തിലെ വാർഡ്‌ 20 (പൂവന്തുരുത്ത്‌), ചെമ്പ്‌ പഞ്ചായത്തിലെ ഒന്നാം വാർഡ്‌ (കാട്ടിക്കുന്ന്‌) എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. വാകത്താനം പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന പൊങ്ങന്താനം എൽഡിഎഫ്‌ പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ബവിത ജോസഫ് രണ്ട്‌ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ചെമ്പിൽ എൽഡിഎഫിന്റെ നിഷ വിജു (സിപിഐ എം) 126 വോട്ടിന്‌ വിജയിച്ചു. യുഡിഎഫിലെ കവിതാ ഷാജിയെയാണ്‌ പരാജയപ്പെടുത്തിയത്‌. പനച്ചിക്കാട് പൂവന്തുരുത്തിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
          ഇടുക്കി ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒരു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ബിജെപി ഒരു സീറ്റിലും ജയിച്ചു. ഉടുമ്പൻചോല പഞ്ചായത്തിലെ എട്ടാം വാർഡിലാണ് എൽഡിഎഫ് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി യേശുദാസ് 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തൊടുപുഴ നഗരസഭയിലെ ഒമ്പതാം വാർഡിലും ഇടുക്കി ബ്ലോക്കിൽ തോപ്രാംകുടിയിലും യുഡിഎഫ് ജയിച്ചു. അറക്കുളം പഞ്ചായത്തിലെ ആറാം വാർഡിലാണ് (ജലന്ധർ) ബിജെപി ജയിച്ചത്
        എറണാകുളം ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റ് എൽഡിഎഫും രണ്ട് സീറ്റ് യുഡിഎഫും നിലനിർത്തി. ചിറ്റാറ്റുകര എട്ടാം വാർഡ് എൽഡിഎഫും വാഴക്കുളം എട്ടാം വാർഡും ചൂർണ്ണിക്കര ഒമ്പതാം വാർഡും യുഡിഎഫും കരസ്ഥമാക്കി.
      തൃശൂർ ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്നിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുംകടവ്‌ ഡിവിഷനും മുള്ളൂർക്കര പഞ്ചായത്തിലെ (വണ്ടിപറമ്പ്‌) 11-ാം വാർഡിലുമാണ് എൽഡിഎഫ് ജയിച്ചത്. പാവറട്ടി പഞ്ചായത്ത്‌ (കാളാനി) ഒന്നാം വാർഡ് യുഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തു.
        പാലക്കാട്‌ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച്‌ വാർഡുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എൽഡിഎഫും മൂന്നിടത്ത്‌ യുഡിഎഫും വിജയിച്ചു. കൊല്ലങ്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ പാലത്തുള്ളിയിലും ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറയിലും എൽഡിഎഫ് ജയിച്ചു. പുതുനഗരം പഞ്ചായത്തിലെ രണ്ടാം വാർഡ്‌ തെക്കത്തിവട്ടാരത്ത്, തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡ്‌ മുണ്ടമ്പലത്ത്‌,  മങ്കര പഞ്ചായത്തിലെ നാലാം വാർഡ്‌ കൂരാത്ത്‌ എന്നിവിടങ്ങളിലാണ് യുഡിഎഫ് ജയിച്ചത്
        മലപ്പുറം ജില്ലയിൽ ഒരു നഗരസഭയടക്കം നാലിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് കോൺഗ്രസും ഒരിടത്ത് വെൽഫെയർ പാർട്ടിയും ജയിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൊടിയാട് വർഡ്, മൂന്നിയൂർ പഞ്ചായത്തിലെ വാർഡ് രണ്ട്, വട്ടംകുളം പഞ്ചായത്തിലെ എടപ്പാൾ ചുങ്കം വാർഡ് 14 എന്നിവിടങ്ങളിലാണ് കോൺഗ്രസ് ജയിച്ചത്. കൂട്ടിലങ്ങാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ജയിച്ചത്.
       കോഴിക്കോട് ജില്ലയിൽ ഒരു ബ്ലോക്ക് പഞ്ചായത്തടക്കം നാലിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിടത്തും എൽഡിഎഫ് ഒരിടത്തും ജയിച്ചു. ഓമശേരി പഞ്ചായത്തിലെ മങ്ങാട് വെസ്റ്റ്ററിൽ (വാർഡ് 17) എൽഡിഎഫ് സ്ഥാനാർത്ഥി ബീന പത്മദാസൻ വിജയിച്ചു. ഉള്ളിയേരി പഞ്ചായത്തിലെ മൂന്നാം വാർഡ് (തെരുവത്ത്കടവ്), കൊടിയത്തൂർ മൂന്നാം വാർഡ് (മാട്ടുമുറി), തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് രണ്ട് എന്നിവിടങ്ങളിൽ യുഡിഎഫ് ജയിച്ചു.
       കണ്ണൂർ ജില്ലയിൽ ഒരു നഗരസഭ അടക്കം മൂന്നിടത്തേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നും എൽഡിഎഫ് നിലനിർത്തി. തലശ്ശേരി  (പെരിങ്കളം) 18-ാം വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥി എം.എ. സുധീശൻ 508 വോട്ടുകൾ നേടി വിജയിച്ചു. കാങ്കോൽ– ആലപ്പടമ്പ്‌ പഞ്ചായത്തിലെ ആലക്കാട്‌ വാർഡിലും പടിയൂർ– കല്യാട് പഞ്ചായത്തിലെ ഒന്നാം വാർഡിലും എൽഡിഎഫ്‌ വിജയിച്ചു
      കാസർകോട് ജില്ലയിൽ രണ്ട് തദ്ദേശവാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികളും ഒരിടത്ത്‌ സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു. കാസർകോട് നഗരസഭാ ഖാസിലേൻ വാർഡിൽ 447 വോട്ടുകൾ നേടി ലീഗ് സ്ഥാനാർത്ഥി കെ.എം. ഹനീഫ് വിജയിച്ചു. എതിർസ്ഥാനാർത്ഥി എൽഡിഎഫ്‌ സ്വതന്ത്രൻ പി.എം. ഉമൈർ 128 വോട്ട്‌ നേടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: