ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ വിപിന്‍ (28) പരിക്കേറ്റിട്ടുണ്ട്. 20-ഓളം പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.
പാത താൽക്കാലികമായി അടച്ചതോടെ ഭീംബാലിയിൽ 200 ഓളം തീർഥാടകർ കുടുങ്ങി. പൊലീസും എന്‍ഡിആര്‍എഫും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.തുടർച്ചയായി പെയ്യുന്ന മഴയിൽ മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തിൽ നിന്ന് അധികൃതർ ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
ഒറ്റപ്പെട്ട തീർഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 150 മുതൽ 200 വരെ തീർഥാടകർ കേദാർനാഥിൽ കുടുങ്ങിയേക്കാമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ദേവാലയത്തിലേക്കുള്ള യാത്രക്കാർ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ആശുപത്രികൾ ഉൾപ്പെടെയുള്ള മറ്റ് അത്യാഹിത വിഭാഗങ്ങൾ അതീവ ജാഗ്രതയിലാണ്.

