തൃശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റിൽ. തൃശൂരിൽ ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ടെമ്പിൾ ടവർ എന്ന പേരിലായിരുന്നു ഇയാൾ ലൈസൻസില്ലാത്ത ധനകാര്യ സ്ഥാപനം ആരംഭിച്ചത്. കൊലപാതകം ഉൾപ്പെടെ 40 കേസുകളിൽ പ്രതിയാണ് രഞ്ജിത്തിനൊപ്പം കൂട്ടാളികളായ സജീന്ദ്രൻ, വിവേക്, അർഷാദ് എന്നിവരും പിടിയിലായിട്ടുണ്ട്.
ഓഗസ്റ്റ് 13 നാണ് സംരംഭം തുടങ്ങിയത്. കടവി രഞ്ജിത് തന്നെയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സ്ഥാപനത്തിൻറെ ഉദ്ഘാടനം ഇൻസ്റ്റഗ്രാമിൽ റീൽ ഇട്ടതിന് പിന്നാലെയാണ് ഗുണ്ടാ നേതാവ് പൊലീസിൻറെ വലയിലായത്. ടെമ്പിൾ ടവർ എന്ന പേരിൽ ഷൊർണൂർ റോഡിലായിരുന്നു സ്ഥാപനം. ആറ് പേർക്ക് പണം വായ്പ നൽകിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം പൊലീസ് സീൽ ചെയ്തു.

