പത്തനംതിട്ട: മദ്യലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്. അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരിന്നു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി സ്വദേശി ആർ. സുഭാഷിനെതിരെ പോലീസ് കേസെടുത്തു.
ശനിയാഴ്ച വൈകീട്ട് ആറരയോടെ അടൂർ – പത്തനാപുരം റോഡിൽ മരിയ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യ അപകടം. സുഭാഷ് ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചു. ഇതിൽ കാർ യാത്രക്കാരിയായ പട്ടാഴി സ്വദേശിക്ക് പരിക്കേറ്റു. എന്നാൽ വാഹനം നിർത്താതെ പോയെന്ന് നാട്ടുകാർ പറയുന്നു. ടി.ബി. ജംഗ്ഷനിൽ എത്തിയപ്പോൾ കൂടുതൽ വാഹനങ്ങളിൽ ഇടിച്ചു.
ഒടുവിൽ നാട്ടുകാർ പിന്തുടർന്ന് വാഹനം തടഞ്ഞുവെച്ച് അടൂർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. സുഭാഷ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളിലാണ് ഇടിച്ചത്. ഉടമസ്ഥർ പരാതി നൽകുന്നമുറയ്ക്ക് കൂടുതൽ കേസുകെടുക്കുമെന്നും പൊലീസ് അറിയിച്ചു.
മദ്യ ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്; അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിൻതുടർന്ന് പിടികൂടി
