നരേന്ദ്രമോഡിക്കെതിരെ വീണ്ടും ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്





ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വീണ്ടും ഒളിയമ്പെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ശങ്കര്‍ ദിനകര്‍ കാനേയുടെ ജന്മശതാബ്ദി വാര്‍ഷികവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഭാഗവതിന്റെ പ്രതികരണം. ‘താന്‍ ദൈവമാണെന്ന് ആരും സ്വയം പ്രഖ്യാപിക്കരുത്. ഒരാളില്‍ ദിവ്യത്വം ഉണ്ടോയെന്ന് ജനങ്ങളാണ് നിശ്ചയിക്കേണ്ടത്’ എന്നായിരുന്നു പ്രസംഗത്തിനിടെ ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് പ്രചാരണമധ്യേ, താന്‍ ദൈവനിയോഗിതനാണെന്ന അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. താന്‍ ഒരു സാധാരണ ജൈവമനുഷ്യനല്ലെന്നും തന്നെ ദൈവം അയച്ചതാണെന്ന് ബോധ്യമുണ്ടെന്നും ഒരു അഭിമുഖത്തില്‍ നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ആയിടെത്തന്നെ മോഹന്‍ ഭാഗവത് ഈ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതാണ്. ഇപ്പോള്‍ ഇത് രണ്ടാം തവണയാണ് മോദിയുടെ ദൈവം ചമയലിനെ ആര്‍എസ്എസ് മേധാവി ആക്രമിക്കുന്നത്. ഭാഗവതിന്റെ വാക്കുകളില്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും ബിജെപിക്കെതിരേ വിമര്‍ശനം തൊടുത്തു വിട്ടു. മോദിസര്‍ക്കാരിന് ഇനി അധികകാലം ആയുസ്സില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘2024 ജൂണ്‍ 4നു ശേഷം അജൈവമനുഷ്യനായ പ്രധാനമന്ത്രിയും ആര്‍എസ്എസ്സും തമ്മിലുള്ള ബന്ധം തലകീഴായി തകിടം മറിഞ്ഞിരിക്കുകയാണ്. അവര്‍ക്കിടയില്‍ കലഹം തുടരുകയാണ്. പൂനെയിലെ പരിപാടിയിലെ പ്രസംഗം, നരേന്ദ്ര മോദിയുടെ ‘അജൈവ മനുഷ്യനാണ്’ താനെന്ന അവകാശവാദത്തിനെതിരേ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ശാസന തന്നെയാണ്’-ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: