തൃശൂർ: ആറു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ഒല്ലൂർ പെരുവാംകുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത്‌മോൻ (39), ശശിധരൻ (53) എന്നിവരെയാണ് ഒല്ലൂരിലെ ഹോട്ടലിന്റെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിന്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നും മൂവർസംഘം പിടിയിലായത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതികൾ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും ശശിധരനും ഒല്ലൂരിൽ എത്തിയത്. പാലക്കാട് ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ് വിവേകും സമീത് മോനും. മലമ്പുഴ ജയിലിൽവച്ച് ഇരുവരും പരിചയപ്പെട്ടതിനുശേഷം ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, ഒല്ലൂർ സി.ഐ. ടി.പി. ഫർഷാദ്, എസ്.ഐ. ജീസ് മാത്യു, എ.എസ്.ഐ. സുരീഷ്, പൊലീസുകാരായ റനീഷ്, അഞ്ജു, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ. ജീവൻ, പൊലീസുകാരായ ലികേഷ്, വൈശാഖ്, അനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

