തിരുവനന്തപുരം: മൂന്നുതരം മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീൺ (28) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം നിന്നാണ് ആറ്റിങ്ങൽ പൊലീസ് ഇയാളെ പിടികൂടിയത്. 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവയും ഇയാളുടെ പക്കൽനിന്നും പൊലീസ് പിടികൂടി.
വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിഷ്ണു, സജിത്ത്, എ.എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ കുമാർ, നിധിൻ, പ്രാശാന്ത്, ശരത് കുമാർ, പ്രാശാന്ത് കുമാരൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

