തിരുവനന്തപുരം : അമ്മ യമുന ടിക്കറ്റ് കൊടുക്കാനെത്തിയ ബസില്‍ മകന്‍ ശ്രീരാഗിന് ആദ്യ ഡ്യൂട്ടി. ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ കൗതുകം നിറച്ചായിരുന്നു അമ്മയുടെയും മകന്റെയും ജോലി. കിഴക്കേക്കോട്ടയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള സ്വിഫ്റ്റ് സര്‍ക്കുലര്‍ ഇലക്ട്രിക് ബസിലാണ് ഡ്രൈവറായി ആര്യനാട് ശ്രീരാഗ് ഭവനില്‍ ശ്രീരാഗും കണ്ടക്ടറായി അമ്മ യമുനയും ജോലിക്കെത്തിയത്.
പരിശീലനം പൂര്‍ത്തിയാക്കി ഒരാഴ്ച മുന്‍പ് സ്വിഫ്റ്റിലെത്തിയ ശ്രീരാഗിന്റെ ആദ്യ ഡ്യൂട്ടിയായിരുന്നു ഞായറാഴ്ച. 2009 മുതല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ താത്കാലിക ‘ബദലി’ വിഭാഗത്തിലായിരുന്നു യമുന. സ്വിഫ്റ്റിലെ ആദ്യ വനിതാ ജീവനക്കാരിയായ ഇവര്‍ 2022-ലാണ് ജോലിക്കെത്തിയത്.
മുഖ്യമന്ത്രിയില്‍നിന്ന് ആദ്യദിനം റാക്കുവാങ്ങി ജോലിക്കുകയറിയ യമുനയുടെ സ്വപ്നമായിരുന്നു മകന്റെ ജോലി. ശ്രീരാഗ് നേരത്തേ വനംവകുപ്പിലെ താത്കാലിക ഡ്രൈവറായിരുന്നു. കെ.എസ്.ആര്‍.ടി.സി.യിലെത്തിയപ്പോള്‍ ശ്രീരാഗിന്റെ കണ്ടക്ടര്‍ പരിശീലനവും അമ്മയ്‌ക്കൊപ്പമായിരുന്നു.
അമ്മയ്ക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്റെ ആഗ്രഹം സിറ്റി എ.ടി.ഒ. സി.പി.പ്രസാദാണ് സഫലമാക്കിയത്. അമ്മയ്ക്കും മകനും ഒപ്പമുള്ള യാത്ര യാത്രക്കാര്‍ക്കും കൗതുകക്കാഴ്ചയായി.
വീട്ടില്‍നിന്നു കരുതിയ ഭക്ഷണം ജോലിയുടെ ഇടവേളയില്‍ അമ്മയും മകനും പങ്കിട്ടു. അമ്മയും മകനും ഒന്നിച്ച് ജോലിചെയ്യുന്നതു കാണാന്‍ യമുനയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ ആശാരി, മറ്റു മക്കളായ സിദ്ധാര്‍ഥ്, രാകേന്ദു, ശ്രീരാഗിന്റെ ഭാര്യ മിന്നു തുടങ്ങിയവരുമെത്തി. യാത്രയില്‍ അമ്മയ്ക്കും മകനുമൊപ്പം കുടുംബക്കാരും കൂടി.
