പത്തനംതിട്ട: നടുറോഡിൽ യുവാവിന്റെ പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കാർ റാലിയും കേക്കുമുറിക്കലുമായി ഗതാഗതം തടസ്സപ്പെടുത്തി പിറന്നാളാഘോഷം സംഘടിപ്പിച്ചതിന് പത്തനംതിട്ട വെട്ടിപ്പുറം പുവൻപാറ ഓലികൂടെക്കൽ ഷിയാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ജന്മദിനമാണ് കമ്മട്ടിപ്പാടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടുറോഡിൽ ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാളെ ഒന്നാംപ്രതിയാക്കി പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
രാത്രി 9.15 നാണ് യുവാക്കളുടെ സംഘം പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇരുപതോളം കാറുകളുമായി അൻപതിൽ അധികം യുവാക്കൾ റോഡിൽ പിറന്നാളാഘോഷത്തിനെത്തിയതോടെ ഗതാഗതം സ്തംഭിച്ചിരുന്നു. നടുറോഡിലെ ആഘോഷം ഒരുമണിക്കൂറോളം നീണ്ടു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഒന്നാംപ്രതി ഷിയാസ് അറസ്റ്റിലായത്. എസ്ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അജിൻ, ശ്യാം തുടങ്ങി ബാക്കിയുള്ള ഇരുപതോളം പ്രതികൾക്കായി അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ ഡിവൈഎഫ്ഐയുടെ പേരിൽ പിറന്നാൾ ആഘോഷം നടത്തുന്നത്. നേരത്തേ മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി. അടൂരിലെ സംഭവം പാർട്ടി അന്വേഷിച്ചുവരികയാണ്.
