തിരുവനന്തപുരം: സംസ്കൃത കോളജിൽ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വർഷ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ 3 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എം നസീം, സച്ചിൻ, ജിത്തു എന്നിവരാണ് പിടിയിലായത്.
പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ് ബിന്ദുവിന്റെ മകനായ ആദർശിനെ കഴിഞ്ഞ മാസം 24ന് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് മർദിച്ചത്. രണ്ടു വർഷം മുൻപ് യൂണിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്ത് കേസിലെ 12-ാം പ്രതി എം നസീമിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം.
ചാക്കിൽ കയറി ഓട്ട മത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിച്ചു. മത്സരിക്കാൻ വിസമ്മതിച്ചപ്പോൾ പിടിച്ചുവലിച്ചു ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ടു മർദിച്ചു. തടികഷ്ണം കൊണ്ട് മുതുകിലും മുഖത്തും ഹെൽമെറ്റ് കൊണ്ട് തലയിലും അടിച്ചു. 5 വർഷം മുൻപ് പഠനം കഴിഞ്ഞ് ഇറങ്ങിയവരാണ് മർദനത്തിന് നേതൃത്വം നൽകിയത്.
