പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം പരസ്പരമുള്ള സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം, ബന്ധം തകരുമ്പോള്‍ സ്ത്രീകള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.



ഒരു സ്ത്രീ ദീര്‍ഘകാലമായി ഒരു പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, വിവാഹം കഴിക്കാമെന്ന് പുരുഷന്‍ നല്‍കിയ വാഗ്ദാനത്തിന്റെ പേരിലാണ് അത്തരം ബന്ധം ഉണ്ടായതെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം അല്ലാത്ത കാരണങ്ങളാലും ഒരു സ്ത്രീക്ക് പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാം. കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോള്‍ അല്ലെന്നും സുപ്രീംകോടതി പറഞ്ഞു.



മുംബൈയിലെ ഖാര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എസ് ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമുവും തമ്മിൽ 2008 ലാണ് ബന്ധം തുടങ്ങിയത്. ബന്ധം അറിഞ്ഞ മഹേഷ് ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ 2017 ലാണ് വനിത മഹേഷ് ദാമുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: