കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് കോഴിക്കോട് പോലിസ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഈ മാസം 26ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീല ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നു. സനൂഫും ഫസീലയും ഒരുമിച്ചാണ് ഹോട്ടലില്‍ റൂമെടുത്തത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ സനൂഫ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചു. തുടര്‍ന്നു പുറത്തിറങ്ങിയ ഇയാള്‍ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തി.
