മദ്രസ പഠന കാലത്ത് തുടങ്ങിയ പിരിയാത്ത സൗഹൃദം; മരണത്തിലും അവർ ഒരുമിച്ചു. നാലുപെൺകുട്ടികളുടെയും ഖബറടക്കം ഇന്ന്

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂൾ വിദ്യാർഥിനികൾക്കും നാട് ഇന്ന് വിടനൽകും.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരെ തുപ്പനാട് ജുമാമസ്ജിൽ ഒരുമിച്ചാകും ഖബറടക്കുക. കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊതുദർശനമില്ല.

ഇന്നലെ രാത്രിയിൽ തന്നെ പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. രാവിലെ ആറോടെ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിച്ച മൃതദേഹങ്ങൾ രണ്ടു മണിക്കൂർനേരം പൊതുദർശനത്തിന് വെക്കും. രാവിലെ 8.30-ന് തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും പൊതുദർശനത്തിന് ശേഷം 10.30 ന് തുപ്പനാട് ജുമാമസ്ജിൽ ഖബറടക്കും.

കരിമ്പ ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാർഥിനികളുടെ ജീവനെടുത്ത അപകടം സഭവിച്ചത്. വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു ദാരുണമായ അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞുകയറുകയായിരുന്നു. മരിച്ച ഇർഫാന ഷെറിൻ അബ്ദുൽ സലാമിൻറെ മൂന്നു മക്കളിൽ മൂത്തയാളാണ്. സ്വന്തമായി പൊടിമില്ല് നടത്തിയായിരുന്നു ഉപജീവനം. ഓട്ടോ ഡ്രൈവറായ റഫീഖിൻറെ മൂത്ത മകളാണ് മരിച്ച റിദ ഫാത്തിമ. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉൾപ്പെടെ മൂന്നുപേരായിരുന്നു മക്കൾ. മരിച്ച നിദ ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുൽ സലീം അടുത്തിടെയാണ് നാട്ടിലെത്തിയത്. രണ്ട് മക്കളിൽ ഏകമകളെയാണ് ഇവർക്ക് നഷ്ടമായത്.

പലചരക്ക് കട നടത്തുന്ന ഷറഫുദീൻ്റെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. ഒരു സഹോദരിയും ഒരു സഹോദരനമുണ്ട്. സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ സ്കൂൾ ടീമിൻ്റെ മണവാട്ടിയായിരുന്നു. എ ഗ്രേഡും ലഭിച്ചു. വരുന്ന 21 ന് സ്കൂളിൻ്റെ കെട്ടിടോദ്ഘാടനത്തിലും മണവാട്ടിയായി ഒരുങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ആയിഷ. അതിനിടെയിലാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ആ കുരുന്ന് ജീവനെടുത്തത്.

മദ്രസപഠനംമുതൽ തുടങ്ങിയതാണ് നാലുപേർക്കിടയിലെ സൗഹൃദം. സ്കൂളിൽ എട്ടാംതരത്തിലെ വിവിധ ഡിവിഷനുകളിലായാണ് ഇവർ പഠിച്ചിരുന്നത്. അപകടത്തിൽപ്പെട്ട കുട്ടികളിൽ ചിലരെ തിരിച്ചറിയാനാകാതെയാണ് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് കുതിച്ചത്. മുൻപ്‌ ദേശീയപാതയിലൂടെ അല്ലാതെ മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികൾ സ്കൂളിലേക്കെത്തിയിരുന്നത്. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്കൂളിലേക്ക് വന്നുതുടങ്ങിയത്. വീട്ടിൽനിന്ന് സ്കൂളിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്ററേ ദൂരമുള്ളൂ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: