ബെംഗളൂരു: ബെംഗളൂരുവിലെ വി.വി പുരത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താത്കാലിക തൂൺ വീണ് 15കാരി മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കെട്ടിട നിർമാണത്തിൽ അനാസ്ഥ കണ്ടെത്തിയതോടെ കെട്ടിടത്തിന്റെ കോൺട്രാക്ടർ ചന്ദ്രശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട തേജസ്വിനിയുടെ പിതാവ് സുധാകർ റാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെട്ടിടത്തിന്റെ ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിൽ ചന്ദ്രശേഖറിന്റെ പ്രതികരണങ്ങൾ തൃപ്തികരമല്ലാത്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സന്ഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 106 (1) പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ ആയിരുന്നു സംഭവം. വി.വി പുരം വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ തേജസ്വിനി റാവു സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിർമാണ പ്രവർത്തനങ്ങൾ താങ്ങി നിർത്തുന്നതിനായി ഉപയോഗിച്ച താത്കാലിക തൂൺ തകർന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ അച്ഛൻ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്നു. അമ്മ ധനലക്ഷ്മി വീട്ടമ്മയാണ്. ഞായറാഴ്ച പൊലീസ് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

