Headlines

എഐ ക്യാമറ ഇതുവരെ പിഴ ചുമത്തിയത് 500 കോടി; കുടുങ്ങിയതില്‍ ഏറെയും ബൈക്ക് യാത്രക്കാര്‍



തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന പാതകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ രണ്ട് വര്‍ഷം തികയുന്നതിന് മുമ്പേ ഇതുവരെ പിഴ ചുമത്തിയത് 500 കോടിയിലധികം രൂപ.

ഏറ്റവും കൂടുതല്‍ പിഴ ചുമത്തപ്പെട്ടത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ക്കാണ്.

2023 ജൂണ്‍ അഞ്ച് മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമറകള്‍ സ്ഥാപിച്ച്‌ 18 മാസം പൂര്‍ത്തിയാകുമ്പോഴാണ് പിഴ ചുമത്തിയ തുക 500 കോടിയിലേറെയായത്. 565 കോടി രൂപയുടെ പിഴ ചുമത്തിയെങ്കിലും 100 കോടി രൂപയില്‍ താഴെയാണ് പിഴ തുകയായി പിരിഞ്ഞ് കിട്ടിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2024 നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 565 കോടി 16 ലക്ഷത്തിലധികം രൂപയാണ് പിഴ ചുമത്തിയത്. 86 ലക്ഷത്തി 78000 നിയമ ലംഘനങ്ങള്‍ ഈ കാലയളവില്‍ കണ്ടെത്തി. സംസ്ഥാനത്ത് സ്ഥാപിച്ച 726 എഐ ക്യാമറകളില്‍ 661 ക്യാമറകളാണ് നിലവില്‍ പ്രവര്‍ത്തനക്ഷമം. 65 ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. ഹെല്‍മെറ്റ് ധരിക്കാതെ നിയമ ലംഘനം നടത്തിയവരാണ് ചലാന്‍ ലഭിച്ചവരില്‍ ഏറെയും.

48 ലക്ഷത്തോളം നിയമലംഘനങ്ങളാണ് ഹെല്‍മെറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട് എഐ ക്യാമറ കണ്ണില്‍ കുടുങ്ങിയത്. ഇതില്‍ 30 ലക്ഷത്തോളം പേര്‍ ഹെല്‍മെറ്റിടാതെ വാഹനം ഓടിച്ചവരും 18 ലക്ഷത്തോളം പേര്‍ക്ക് ഹെല്‍മെറ്റിടാതെ പിന്‍സീറ്റില്‍ യാത്ര ചെയ്തതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 20 ലക്ഷത്തോളം നിയമലംഘനങ്ങളാണ് എഐ ക്യാമറ കണ്ണില്‍ കുടുങ്ങിയത്. പിടികൂടുന്ന നിയമ ലംഘനങ്ങളില്‍ 30 ശതമാനത്തില്‍ താഴെ മാത്രം ആളുകളാണ് പിഴ അടക്കുന്നത്. നിയമലംഘനങ്ങളില്‍ ഏറ്റവും കൂടൂതല്‍ നടത്തുന്നത് പോലെ പിഴ കൂടുതലായി അടക്കുന്നതും ബൈക്ക് യാത്രക്കാരാണ്. ആവര്‍ത്തിച്ച്‌ നിയമലംഘനങ്ങള്‍ നടത്തുന്നവരും കുറവല്ല.

എഐ ക്യാമറ നിയമലംഘനം കണ്ടെത്തിയ മൈബൈല്‍ ഫോണ്‍ സന്ദേശം ലഭിച്ച്‌ ഒരു മാസത്തിനകം പിഴ തുക ഓണ്‍ലൈനായി അടക്കാന്‍ കഴിയും. അല്ലാത്ത പക്ഷം കേസ് വെര്‍ച്വല്‍ കോടതിയിലേക്ക് മാറും. അവിടെയും ഓണ്‍ലൈനായി പിഴ അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലും വീഴ്ച വരുത്തുന്നതോടെയാണ് കോടതി നടപടികളിലേക്ക് കടക്കുന്നത്.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: