തിരുവനന്തപുരം: മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ- ഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് (ഇസ്കഫ്) ഏഴാമത് സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. മാനവീയം വീഥിയിലാണ് വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികൾ. ഞായറാഴ്‌ച പ്രതിനിധി സമ്മേളനം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും.
വെള്ളിയാഴ്ച വൈകീട്ട് യുദ്ധവും വംശീയതയും വിഷയത്തിൽ ഒറ്റ കാൻവാസിൽ ചിത്രരചനയിൽ ബി.ഡി. ദത്തന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ പ്രമുഖ ചിത്രകാരന്മാർ അണിനിരക്കും. സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷത വഹിക്കും. ശനിയാഴ്ച നാലു മുതൽ മാനവീയം വീഥിയിൽ കലാപരിപാടികൾ ആരംഭിക്കും. അഞ്ചിന് സാംസ്കാരിക സായാഹ്ന സദസ് ചേരും. മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. സാംസ്കാരിക സദസിന് ശേഷം നാടൻ പാട്ടുകൾ, മിമിക്‌സ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. 19ന് പ്രതിനിധി സമ്മേളനം. ഇസ്കഫ് ദേശീയ പ്രസീഡിയം അംഗം കെ. നാരായണൻ പതാക ഉയർത്തും. ദേശീയ വൈസ് പ്രസിഡൻറ് ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. ഇസ്കഫ് ദേശീയ ജന.സെക്രട്ടറി ബിജയ് കുമാർ പട്ഹാരി സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. ബിനോയ് വിശ്വം പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യും.
