തെറ്റിദ്ധരിപ്പിക്കുന്ന രീതികളിൽ പരസ്യ പ്രചരണം,യോഗചാര്യ ബാബാരാംദേവിനെതിരെ അറസ്റ്റ് വാറന്റ്

പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 വാറന്റ് പുറപ്പെടുവിച്ചു. സംസ്ഥാന ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. വരാതിരുന്നതിനെത്തുടർന്നാണ് ഫെബ്രുവരി ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ വാറന്റ് പുറപ്പെടുവിച്ചത്. ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്‍റ്) ആക്ട് 1954 സെക്ഷൻ 3(ഡി) പ്രകാരം ചട്ടത്തിൽ ഉൾപ്പെടുത്തിയ അസുഖങ്ങൾക്ക് മരുന്നുകൾ നിർദേശിക്കുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.


കണ്ണൂർ സ്വദേശിയായ ഒരു ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയ പരാതികളിന്മേലാണ് നടപടി. രാംദേലിന്റെ പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂർവേദ ഉത്പന്നങ്ങൾ അമിത രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ പല പ്രത്യേക രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ ഡ്രഗ്സ് ആന്റ് മാജിക് റെമ‍ഡീസ് (ഒബക്ഷണബിൾ അഡ്വർടൈസ്മെന്റ്) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് പരാതി.

തെറ്റിദ്ധാരണജനകമായ ഔഷധപരസ്യം നൽകിയതിന് പതഞ്ജലി ഗ്രൂപ്പിനെതിരെ രാജ്യത്ത് ഇതുവരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പത്തെണ്ണവും കേരളത്തിലെ വിവിധ ജില്ലകളിലെ ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്തവയാണ്. 2023 ഒക്ടോബർ മുതലാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തിൽ പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി തുടങ്ങിയത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-4 ലാണ് രാജ്യത്ത് ആദ്യമായി ഔഷധ ചട്ടലംഘനത്തിന് പതഞ്ജലിക്കെതിരെ കേസെടുത്തത്. ഈമാസം 14ന് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതി ഭാഗം ഹാജരാകാത്തതിനെത്തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: