ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്. നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ 3-6, 6-2, 5-7 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് മാഡിസൻ കീസ് കന്നി കിരീടം നേടിയത്. വാശിയേറിയ പോരാട്ടത്തിൽ മാഡിസൻ കീസ് ആദ്യം മുതൽ തന്നെ ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ താരത്തിന് കാലിടറിയെങ്കിലും മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബെലാറൂസ് താരത്തെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുകയായിരുന്നു.


തുടർച്ചയായ മൂന്നാം കിരീടമെന്ന ലക്ഷ്യവുമായാണ് ബെലാറൂസ് താരം സബലേങ്ക കോർട്ടിലെത്തിയത്. എന്നാൽ, 29 വയസ്സുകാരിയായ മാഡിസൻ കീസിന്റെ ചടുലനീക്കങ്ങൾക്ക് മുന്നിൽ നിലവിലെ ചാംപ്യന് കാലിടറുകയായിരുന്നു. മത്സരത്തിന്റെ ആദ്യ സെറ്റിൽ തുടക്കം മുതൽ യുഎസ് താരത്തിന്റെ ആധിപത്യം പ്രകടമായിരുന്നു. 1–5ന് മുന്നിലെത്തിയ മാ‍ഡിസൻ കെയ്സ്, നിലവിലെ ചാംപ്യനെ വിറപ്പിച്ച് ആദ്യ സെറ്റ് 3–6ന് സ്വന്തമാക്കി. പക്ഷേ രണ്ടാം സെറ്റിൽ ബെലാറൂസ് താരം മത്സരത്തിൽ തിരിച്ചെത്തി. കൃത്യമായ ആധിപത്യം നിലനിർത്തിയ സബലേങ്ക 6–2ന് രണ്ടാം സെറ്റ് വിജയിച്ചു.

ഇതോടെ മൂന്നാം സെറ്റിനായി പോരാട്ടം കടുത്തു. സബലേങ്കയും കെയ്സും ഒപ്പത്തിനൊപ്പം പൊരുതിയതോടെ ഒരു ഘട്ടത്തിൽ 4–4 എന്ന നിലയിലായിരുന്നു സ്കോർ. അവസാന നിമിഷങ്ങളിൽ അനുഭവ പരിചയം മുതലാക്കി അരീന സബലേങ്ക പൊരുതിയെങ്കിലും കീസിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇതോടെ 5–7ന് മൂന്നാം സെറ്റ് വിജയിച്ച യുഎസ് താരത്തിന് കരിയറിലെ ആദ്യ ഗ്രാൻ‍ഡ്സ്‍‌ലാം കിരീടം സ്വന്തം.

29 വയസ്സുകാരിയായ മാഡിസൻ കീസ് 2017 യുഎസ് ഓപ്പണിന്റെ ഫൈനൽ കളിച്ചിരുന്നെങ്കിലും തോറ്റുപോയിരുന്നു. യുഎസിന്റെ തന്നെ സ്ലൊവാൻ സ്റ്റെഫാൻസിനു മുന്നിലാണ് കെയ്സ് വീണത്. എട്ടു വർഷങ്ങൾക്കുശേഷം വീണ്ടുമൊരു ഗ്രാൻഡ്സ്‌ലാം ഫൈനലിൽ കടന്ന കീസ് ലോക ഒന്നാം നമ്പർ താരത്തെ ത‌ന്നെ വീഴ്ത്തി കന്നിക്കിരീടമെന്ന സ്വപ്നം നേടിയെടുത്തു. സെമി ഫൈനലിൽ രണ്ടാം നമ്പർ താരം ഇഗ സ്വാതെകിനെ വീഴ്ത്തിയായിരുന്നു കീസ് ഫൈനലിന് യോഗ്യത നേടിയത്. അതിനു മുൻപ് ആറാം സീഡ് എലേന റീബകീനയെയും 10–ാം സീഡ് ഡാനിയേല കോളിൻസും കീസിനു മുൻപിൽ മുട്ടുമടക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: