പാലക്കാട്: ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിൽ പ്രതിഷേധിച്ച് ഒൻപത് നഗരസഭാ കൗൺസിലർമാർ രാജി വയ്ക്കുമെന്ന് അറിയിച്ചു. ഇതോടെ ബിജെപിക്ക് ഭരണമുള്ള കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് ഭരണം ചോദ്യചിഹ്നമാകുന്നു.
രാജിയുമായി തന്നെ മുന്നോട്ട് പോകാൻ തീരുമാനമെന്ന് പ്രത്യേകം യോഗം ചേർന്ന കൗൺസിലർമാർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവ് സി കൃഷ്ണകുമാർ, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.
എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ അറിയിച്ചു. ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും സ്ഥിരീകരിച്ചു.
എന്നാൽ,പുതിയ ജില്ല പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാനദണ്ഡവും ലംഘിച്ചിട്ടില്ലെന്ന് നിലവിലെ ജില്ല പ്രസിഡന്‍റ് കെ.എം ഹരിദാസ് പറഞ്ഞു. ആർക്കെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ പരിഹരിക്കും. ആരും ഇതുവരെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും ഹരിദാസ് പറഞ്ഞു.
