Headlines

എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ





തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ വീഡിയോ മാത്രമെന്നും നിതിന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു.

എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിയന്‍ നഷ്ടമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് നിതിന്‍ ഫാത്തിമ ആരോപിച്ചു. ഇത്തവണ യൂണിയന്‍ എംഎസ്എഫ് – കെഎസ് യു സഖ്യം പിടിച്ചതോടെ കലോത്സവം നടാത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. കലോത്സവം തുടങ്ങി ആദ്യദിവസം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരെയും സംഘാടകരെയും പ്രകോപിപ്പിച്ചിരുന്നതായും ഫാത്തിമ പറഞ്ഞു.

കലോത്സവം കലക്കാന്‍ എസ്എഫ്‌ഐക്കാര്‍ നേരത്തെ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് പെണ്‍കുട്ടികളായ വളണ്ടിയര്‍മാരെയും വിധികര്‍ത്താക്കളെ അക്രമിക്കുകയും പൂട്ടിയിടുകയും ചെയ്തത്. ഒരു വനിത വിധികര്‍ത്താവിനെ ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിക്കാതെ തടഞ്ഞവച്ചു. അവസാനം പിരീഡ്‌സ് ആണെന്ന് പറഞ്ഞ് നാപ്കിന്‍ കാണിച്ചപ്പോള്‍ മാത്രമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അവരെ ബാത്ത്‌റൂമിലേക്ക് കടത്തിവിട്ടതെന്നും നിധിന്‍ ഫാത്തിമ പറഞ്ഞു. വിധി കര്‍ത്താക്കളെ ഇടിക്കട്ടകൊണ്ട് അടിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് കെഎസ് യു പ്രവര്‍ത്തകര്‍ ചെയ്തത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഒരുഭാഗത്തിന്റെത് മാത്രമാണെന്നും നിതിന്‍ ഫാത്തിമ പറഞ്ഞു.


എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറിലും ബൈക്കിലും പിന്തുടര്‍ന്ന് ആക്രമിച്ചെന്ന് പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ ആംബലുന്‍സില്‍ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ വൈഭവ് പറഞ്ഞു. പ്രാണരക്ഷാര്‍ഥമാണ് സ്റ്റേഷനിലേക്ക് ഓടിച്ചകയറ്റിയതെന്നും വൈഭവ് പറഞ്ഞു.

മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഇന്നു പുലര്‍ച്ചെയായിരുന്നു കെഎസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്.

മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇതിന്റെ വീഡിയദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: