Headlines

ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം: ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക് സമരം. കലോത്സവങ്ങള്‍ സംഘർഷ വേദികളാക്കുന്ന യൂണിവേഴ്സിറ്റി യൂണിയനെതിരെ പ്രതിഷേധിച്ച്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് എസ് എഫ് ഐ നേതൃത്വം അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന സോണല്‍ കലോത്സവങ്ങള്‍ സംഘർഷ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് എം എസ് എഫ് – കെ എസ് യു സഖ്യം നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി യൂണിയനെന്നും സംഘടന ആരോപിക്കുന്നു

മലപ്പുറം സോണല്‍ കലോത്സവത്തിന് അപ്പീല്‍ നല്‍കാൻ വേണ്ടി പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ പോയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ ഭാരവാഹികളായ പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ സംഘാടകരായ എം എസ് എഫ് നേതാക്കള്‍ ഭീകരമായി മർദ്ദിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ്. തൃശൂർ സോണല്‍ കലോത്സവത്തിൻ്റെ സ്ഥിതിയും മറ്റൊന്നല്ല. വിധിനിർണ്ണയത്തിലുണ്ടായ പാളിച്ച ചൂണ്ടിക്കാണിച്ച വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെയാണ് കെ എസ് യു ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തില്‍ അതിഭീകരമായി മർദ്ദിച്ചത്.

കലോത്സവങ്ങള്‍ കൃത്യമായി സംഘടിപ്പിക്കാൻ അറിയാതെ അപ്പീലും പരാതികളും വരുമ്പോഴേക്കും വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് യൂണിവേഴ്സിറ്റി യൂണിയൻ്റെ കഴിവ് കേടാണ് വിളിച്ചോതുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കെ എസ് യു കുത്തകയായിരുന്ന കാലത്താണ് ഇതുപോലൊരു യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തില്‍ വെച്ച്‌ തൃശൂർ കുട്ടനെല്ലൂർ ഗവണ്മെൻ്റ് കോളേജിലെ യൂണിയൻ ഭാരവാഹിയും എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന കൊച്ചനിയനെ കെ എസ് യു ഗുണ്ടകള്‍ കുത്തിക്കൊന്നതെന്നും എസ് എഫ് ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സമാനമായ രീതിയില്‍ കോളേജ് യൂണിയൻ ഭാരവാഹികളെയും, എസ് എഫ് ഐ പ്രവർത്തകരെയും കലോത്സവ വേദികളില്‍ വെച്ച്‌ തെരഞ്ഞ്പിടിച്ച്‌ ആക്രമിക്കുകയാണ് എം എസ് എഫ് – കെ എസ് യു ഗുണ്ടാസംഘം. വിദ്യാർത്ഥികളുടെ കൈയ്യില്‍ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി യൂണിയൻ്റെ കലോത്സവങ്ങള്‍ ഗുണ്ടാ വിളയാട്ടത്തിൻ്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനും, അതിനെ നിയന്ത്രിക്കുന്ന എം എസ് എഫ് – കെ എസ് യു സംഘടനകളും കലോത്സവ വേദികളില്‍ നടത്തുന്ന ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: