എഐ വ്യവസായത്തിലെ അമേരിക്കൻ മേധാവിത്വത്തിന് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ടെക്‌നോളജി മേഖലയെ ആകമാനം പിടിച്ചുകുലുക്കിയിരിക്കുകയാണ് ചൈനീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ആപ്ലിക്കേഷനായ ഡീപ്‌സീക്ക്. ഓപ്പൺ എഐ, ഗൂഗിൾ, മെറ്റ തുടങ്ങി യുഎസ് എതിരാളികൾക്ക് തുല്യമായ പ്രകടനം കുറഞ്ഞ ചെലവിൽ സാധ്യമാകും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഡീപ്‌സീക്ക് അവതരിപ്പിച്ചിട്ടുള്ളത്.
ഈ മാസം ആദ്യം പുറത്തിറക്കിയ എഐ റീസണിങ് മോഡലായ ആർ1 ന്, ഓപ്പൺഎഐയുടെ o1 മോഡലുമായി താരതമ്യപ്പെടുത്താവുന്ന പ്രകടനം സാധ്യമാണെന്ന് ഡീപ്‌സീക്ക് അവകാശപ്പെടുന്നു. വാരാന്ത്യത്തിൽ ആപ്പിളിൻ്റെ യുഎസ് ആപ്പ് സ്റ്റോറിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പും ഡീപ്സീക്കാണ്.
ഇതിനു പിന്നാലെ, ഡീപ്‌സീക്ക് തിരഞ്ഞ് ലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അവസാന 16 മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് ഡീപ്‌സീക്ക് തിരഞ്ഞത്.
ഡീപ്‌സീക്കിന് ജനപ്രീതി ഏറിയതോടെ വൻകിട എഐ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തിയിരിക്കുകയാണ്. അമേരിക്കൻ എഐ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ അവതരിപ്പിച്ചു എന്നതുതന്നെയാണ് ഡീപ്‌സീക്കിന് സ്വീകാര്യത നേടിക്കൊടുത്തത്.
ലിയാൻ വെൻഫെങ് ആണ് ചൈനയിലെ ഹാങ്ഷൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്റ്റാർട്ടപ്പായ ഡീപ്‌സീക്കിന്റെ സ്ഥാപകൻ. ഈ വർഷം ജനുവരിയിലാണ് ആപ്പിൾ, ഗൂഗിൾ സ്റ്റോറുകളിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്. ഡീപ്‌സീക്കിന്റെ സ്വീകാര്യത ടെക്‌നോളജി മേഖലയിൽ അമേരിക്കയ്ക്ക് ഏൽപ്പിച്ച കനത്ത തിരിച്ചടിയായാണ് കണക്കാക്കുന്നത്.
ഓഹരി വിപണിയില്‍ തിരിച്ചടി
ഡീപ്‌സീക്കിന്റെ അതിവേഗത്തിലുള്ള വളർച്ച, എഐ ചിപ്പ് നിർമ്മാണത്തിൽ യുഎസിന് മേധാവിത്വം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ന്യൂയോർക്ക് മുതൽ ടോക്കിയോ വരെയുള്ള വിപണികളിലുടനീളം ടെക് സ്റ്റോക്കുകൾ വ്യാപകമായി വിറ്റഴിക്കപ്പെടാനും കാരണമായി. പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ ഓഹരി മൂല്യം തിങ്കളാഴ്ച, യുഎസ് ചരിത്രത്തിലെ ഒരു പൊതു കമ്പനിയുടെ ഏറ്റവും വലിയ (ഒറ്റ ദിവസത്തെ) ഇടിവിന് (ഏകദേശം 600 ബില്യൺ ഡോളർ) സാക്ഷ്യം വഹിച്ചു.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഡീപ്‌സീക്ക്, ആലിബാബ മോഡലുകളുടെ വർളർച്ച, നിർമ്മാണ മോഡലുകളുടെ ഉയർന്ന ചെലവ് കുറയ്ക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ്. അടിസ്ഥാന എഐ മോഡലുകൾ താരതമ്യേന ചെലവു കുറഞ്ഞ രീതിയിൽ പരിശീലിപ്പിക്കാൻ കഴിയുമെങ്കിൽ, അത് സ്വന്തമായി മോഡലുകൾ നിർമ്മിക്കാൻ താൽപ്പര്യമുള്ള രാജ്യങ്ങൾക്ക് മേഖലയിലേക്കുള്ള പ്രവേശനം സുഗമമാക്കും, എന്നതാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇത് നൽകുന്ന സൂചന.
വാർ റൂം’ തുറന്ന് മെറ്റ
ചൈനയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പിന്, ഒപ്പൺ എഐയെ പോലും വെല്ലുവിളിച്ച് എങ്ങനെ അതിവേഗ വളർച്ച കൈവരിക്കാനായി എന്നത് ടെക് ഭീമന്മാരായ മെറ്റയെയും ഞെട്ടിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് എഞ്ചിനീയർമാരുടെ നാലു ടീമുകളെ കൂട്ടിച്ചേർത്ത് വാർ റൂം തുറന്നതായി റിപ്പോർട്ടുണ്ട്.
