മലപ്പുറം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂക്കോട്ടുംപാടം സ്വദേശിനി വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ ഭർത്താവ് എളങ്കൂർ സ്വദേശി പ്രഭിനെ കസ്റ്റഡിയിലെടുത്തത്. ഭർതൃപീഡനത്തെ തുടർന്നാണ് വിഷ്ണുജ മരിച്ചതെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് പ്രഭിന്റെ വീട്ടുകാർ. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ മഞ്ചേരി പൊലീസാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്.
2023 മെയ് മാസത്തിലാണ് വിഷ്ണുജയും പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയുടെ മരണം ഭർതൃപീഡനത്തെ തുടർന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ, പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും ഇതിൻറെ കാരണം അറിയില്ലെന്നും പ്രഭിൻറെ വീട്ടുകാർ പറഞ്ഞു. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പ്രഭിൻറെ വീട്ടുകാർ പറഞ്ഞു.
എന്നാൽ, ഭർതൃവീട്ടിൽ വെച്ച് കടുത്ത മാനസിക പീഢനമാണ് മകൾ നേരിട്ടതെന്നാണ് വിഷ്ണുജയുടെ അച്ഛൻ ആരോപിക്കുന്നത്. കല്യാണം കഴിഞ്ഞ് ആഴ്ചകൾക്കകം തന്നെ പ്രഭിൻ പീഡനം തുടങ്ങി. ജോലിയില്ലാത്തതിൻറെ പേരിലായിരുന്നു പീഡനം. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ മകൾ എല്ലാം മറച്ചു വെച്ചു. മകളെ ചീത്തവിളിക്കുന്ന വോയിസ് ക്ലിപ്പുകൾ പക്കലുണ്ട്. ശാരീരികമായും മകളെ പീഡപ്പിച്ചിരുന്നുവെന്നും ശരീരത്തിലെ പാടുകളെ കുറിച്ച് കൂട്ടുകാരി പറഞ്ഞിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതിനെല്ലാം ഭർത്താവിൻറെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
