ലഖ്‌നൗ: ഭാര്യയുടെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പശ്ചിമ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ നിന്നുള്ള ആശിഷ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ കൊലപാതകം നടത്താന്‍ വാടകക്കൊലയാളികളെ നിയോഗിക്കാന്‍ വായ്പ എടുത്തതായി പൊലീസ് കണ്ടെത്തി. വാടകക്കൊലയാളികള്‍ക്കായി 40,000 രൂപയാണ് ഇയാള്‍ വായ്പ എടുത്തത്.
വാടകക്കൊലയാളികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ജനുവരി 21 ന് മീററ്റിന് സമീപമായിരുന്നു ക്രൂരകൃത്യം നടന്നത്. വനത്തിന് സമീപത്തായി യുവതിയുടെ തലയോട്ടി കണ്ടെത്തുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങളും കണ്ടെത്തി.
പാതി കത്തിയ വസ്ത്രങ്ങള്‍, ചെരുപ്പ്, ആഭരണങ്ങള്‍ തുടങ്ങിയവ കണ്ടാണ് യുവതിയെ മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് മൃതദേഹം പൊലീസ് വിശദപരിശോധനയ്ക്ക് അയച്ചു. കൊലപാതകത്തിന് മുമ്പ് സഹോദരിയുടെ ഭര്‍ത്താവും മറ്റു രണ്ടുപേരും ബലാത്സംഗം ചെയ്തുവെന്നും, തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തുടര്‍ന്ന് തെളിവു നശിപ്പിക്കുന്നതിനായി ശരീരം തീകൊളുത്തി. പ്രതിയുടെ ഭാര്യയുടെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട യുവതി. ഇവരുമായി പ്രതി വളരെക്കാലമായി അടുപ്പത്തിലായിരുന്നു. യുവതി തന്നെ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്യുമായിരുന്നുവെന്നും, ഇതില്‍ നിന്നും പുറത്തു കടക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിനായി ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം പ്രതി തേടി. ഇയാള്‍ ദീപക് എന്നയാളെയും കൂടെ കൂട്ടി. 30,000 രൂപയ്ക്ക് കൊലപാതകം നടത്താമെന്ന് ഇവര്‍ സമ്മതിച്ചു. തുടര്‍ന്ന് മുഖ്യപ്രതി ആശിഷ് 40,000 രൂപ വായ്പയെടുത്തു. 20,000 രൂപ അഡ്വാന്‍സായി നല്‍കി. കൃത്യം നടന്നശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍.
സംഭവ ദിവസം സ്‌കൂട്ടറില്‍ വന്ന യുവതിയെ പ്രതികളായ ആശിഷ്, ശുഭം, ദീപക് എന്നിവര്‍ മീററ്റ് നാനു കനാലിന് സമീപം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് ശരീരം കത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി ആശിഷ് കുറ്റം സമ്മതിച്ചതായി മുസഫര്‍നഗര്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സല്‍ അറിയിച്ചു.
