കോഴിക്കോട്: സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും പി കെ ദിവാകരനെ പുറത്താക്കി. തുടർന്ന് ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണിയൂർ തുറശ്ശേരി മുക്കിലാണ് പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി കെ ദിവാകരനും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാര്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്.
വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അത് തെരുവിലേക്കിറങ്ങിയതാണ് ഇന്ന് കണ്ടത്.
സിപിഐഎം വടകര ഏരിയ സമ്മേളനത്തില്‍ മത്സരം നടന്നതാണ് ദിവാകരനെ പുറത്താക്കാനുള്ള കാരണമെന്നാണ് വിവരം. ഏരിയാ സമ്മേളനത്തില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് ഉള്‍പ്പെടെ നാലുപേര്‍ ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായ കെ പി മോഹനന്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായിരുന്നില്ല.
ഈ മത്സരത്തില്‍ ദിവാകരന് ബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നത്. മത്സരമൊഴിവാക്കാന്‍ ദിവാകരന്‍ ഇടപെട്ടില്ലെന്നാണ് എതിരെയുള്ള വാദം. വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു
