തിരുവനന്തപുരം: ഇനി ജയിൽ ഭക്ഷണം കാത്ത് ക്യൂ നിൽക്കേണ്ട, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വസിക്കാം. റീജനൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ അടുത്ത മാസം തുറക്കാൻ തീരുമാനമായി രോഗികൾക്കും കുട്ടിരിപ്പുകാർക്കുമായി ഉണ്ടായിരുന്ന ഭക്ഷണകേന്ദ്രം, നടത്തിപ്പിലുണ്ടായ വീഴ്ച മൂലമാണ് നേരത്തെ അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്യാൻ്റീനിൽ കൂടുതൽ സൗകര്യം ഒരുക്കാനും ഫുഡ് കോർട്ട് തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചത്.
നിലവിൽ ആർസിസിയിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനായി ജയിൽ വകുപ്പിൻ്റെ കൗണ്ടർ ആണ് ആശ്രയം. വലിയ ക്യു നിന്ന് വേണം ഇവിടെ ഭക്ഷണം കഴിക്കാൻ. ഇവിടെ ചികിത്സയിലിരിക്കുന്ന രോഗികൾ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ഇവിടെ പലപ്പോഴും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇതോടെയാണ് ജീവനക്കാർക്കായുള്ള ക്യാൻ്റീൻ നവീകരിച്ച് അവിടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. അടുത്ത മാസം അവസാനത്തോടെ തുറന്ന് നൽകാൻ കഴിയുന്ന രീതിയിലാണ് നവീകരണം പുരോഗമിക്കുന്നത്
