ബംഗാളിലെ നല്ലവനും കാരുണ്യവാനുമായ വ്യവസായി, കേരളത്തില്‍ പൊലീസുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്; ഒടുവിൽ പിടിയിൽ





കോഴിക്കോട്: പശ്ചിമ ബംഗാളിലെ നല്ലവനും കാരുണ്യവാനുമായ വ്യവസായി, കേരളത്തില്‍ പൊലീസുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്. ഇരട്ട വേഷത്തില്‍ വിലസിയ തസ്‌കരവീരന്‍ ഒടുവില്‍ പൊലീസ് വലയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി വീട്ടില്‍ നൗഫലാണ് കേരളത്തിലും ബംഗാളിലും ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 34 വയസുകാരനായ നൗഫലിന് ‘പപ്പന്‍ നൗഫല്‍’എന്നൊരു പേരുകൂടിയുണ്ട്.



കേരളത്തില്‍ മോഷണം നടത്തിയിരുന്ന നൗഫല്‍, ബംഗാളില്‍ പാവങ്ങളുടെ വേദനകേട്ട് കയ്യയച്ചു സഹായിക്കുന്ന ‘ഖത്തര്‍ വ്യവസായി’ ‘ഷെയ്ഖ് നൗഫല്‍’ ആണ്. ഖത്തറില്‍ ബിസിനസുകാരന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന നൗഫലിനെ ഷെയ്ഖ് നൗഫല്‍ എന്നാണ് ബംഗാളികള്‍ ആദരപൂര്‍വം വിളിച്ചിരുന്നത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട്ട് മോഷണം നടത്തിയ ശേഷം ബംഗാളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കോഴിക്കോട്ടെ ലോഡ്ജില്‍വച്ചാണ് നൗഫല്‍ പിടിയിലായത്.

കഴിഞ്ഞ മാസം കൊണ്ടോട്ടി തുറക്കലില്‍ വീട് കുത്തിത്തുറന്നുള്ള മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നൗഫലിലേക്ക് എത്തിയത്. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. മോഷ്ടിക്കുന്ന സ്വര്‍ണവുമായി നേരെ ബംഗാളിലേക്കുപോയി അവിടെ വില്‍പന നടത്തും. മൂന്ന് വര്‍ഷം മുന്‍പ് കിഴക്കന്‍ ബര്‍ധ്മാന്‍ ജില്ലയിലെ അത്താസ്പൂരില്‍ ഭൂമി വാങ്ങി ഇരുനില വീടുവച്ചു. കൃഷിയും ആരംഭിച്ചു. കൃഷിപ്പണിക്കായി ജോലിക്കെത്തിയ വിധവയായ സ്ത്രീയെ വിവാഹം കഴിച്ചതോടെ നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റി.




ഖത്തറില്‍ വ്യവസായിയാണെന്നാണ് അവിടെ സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിവിധ ആവശ്യങ്ങള്‍ ചോദിച്ച് ദിവസവും ഒട്ടേറെപ്പേരാണ് നൗഫലിന്റെ വീട്ടിലെത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഗള്‍ഫില്‍ നിന്നുള്ള പണമാണ് ദാനം ചെയ്യുന്നതെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നക്. ബംഗാളില്‍ താമസമാക്കിയ ശേഷം പലതവണ കേരളത്തില്‍ പിടിയിലായിട്ടുണ്ട്. ബംഗാളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ ഖത്തറിലേക്ക് പോകുന്നെന്ന് കുടുംബത്തോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അങ്ങാടിപ്പുറത്ത് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള നൗഫല്‍ 2019 മുതലാണ് മോഷണക്കേസുകളില്‍ പ്രതിയാകുന്നത്.



2023ല്‍ പെരിന്തല്‍മണ്ണയില്‍ നൂറുപവന്‍ മോഷ്ടിച്ചതുള്‍പ്പെടെ ഒട്ടേറെ മോഷണക്കേസുകള്‍ക്കും നൗഫലിനെ പിടിച്ചതോടെ തുമ്പായി. 2024 ഒക്ടോബറില്‍ മോങ്ങത്ത് മോഷണശ്രമത്തിനിടെ ഗൃഹനാഥനെ വെട്ടിയ കേസിലുള്‍പ്പെടെ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തെ പള്ളികളില്‍ രാത്രി നമസ്‌ക്കാരത്തിനായി ചെന്ന് പരിസരം നിരീക്ഷിക്കുന്നതാണ് ഇയാളുടെ പതിവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ നൗഫലിനെ കോടതി റിമാന്‍ഡ് ചെയ്തു.




Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: