കോട്ടയം: വൈക്കത്ത് യുവാവിനെ സംഘം ചേർന്ന് മർദിച്ച പ്രതികളെ പോലീസ് പിടികൂടി. തങ്ങൾക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞാൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികൾ മർദിച്ചത്. ആലപ്പുഴ പട്ടണക്കാട് വെളുത്തേടത്ത് വെളിവീട്ടിൽ സുജിത്ത് (45), തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ കെ.എസ്.വിഷ്ണു (26), വൈക്കം വെച്ചൂർ മുച്ചൂർക്കാവ് കൃഷ്ണവിലാസം സലീഷ് (40) എന്നിവരെ വൈക്കം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വെച്ചൂർ സ്വദേശിയായ യുവാവിനെ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം വണ്ടിയിൽ കയറ്റി അടുത്തുള്ള റബർ തോട്ടത്തിൽ എത്തിച്ച ശേഷം തങ്ങൾക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതിന് ശേഷം ഇവർ യുവാവിനെ മർദിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തു.
ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നു നടത്തിയ പരിശോധനയിൽ പ്രതികളെ മുച്ചൂർക്കാവ് ഭാഗത്തു നിന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. സുജിത്ത് പട്ടണക്കാട്, ചേർത്തല, ആലപ്പുഴ നോർത്ത്, വൈക്കം, കാലടി, മണ്ണഞ്ചേരി, കുത്തിയതോട് എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി കേസുകളിലെ പ്രതിയാണ്. വിഷ്ണു, സലീഷ് എന്നിവർ വൈക്കം സ്റ്റേഷനിലും ഒട്ടേറെ ക്രിമിനൽ കേസുകളിലേയും പ്രതികളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
