തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്.
4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
