പുനലൂര്‍ : നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്ന സംഭവത്തില്‍ 67-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആലങ്കോട് വഞ്ചിയൂര്‍ അരുണ്‍ നിവാസില്‍ വിജയനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പുനലൂര്‍ നഗരസഭയിലെ കല്ലാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷെമി എസ്.അസീസിന്റെ, സ്വര്‍ണവും പണവും എ.ടി.എം. കാര്‍ഡുകളുമുള്‍പ്പടെ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷണം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
കാര്യാലയത്തിന്റെ ഒന്നാംനിലയില്‍ സ്ഥിരംസമിതി അധ്യക്ഷയുടെ കാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. വീട്ടിലേക്ക് തിരികെപോകുന്നതിനായി ബാഗെടുക്കാന്‍ വന്നപ്പോഴാണ് ഇത് നഷ്ടപ്പെട്ട കാര്യം കൗണ്‍സിലര്‍ അറിഞ്ഞത്. കാര്യാലയത്തിലാകെ പരിശോധിച്ചെങ്കിലും ബാഗ് കിട്ടിയില്ല. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു വയോധികന്‍ ബാഗുമായി കടക്കുന്നത് കണ്ടെത്തി.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഇവിടം കേന്ദ്രമാക്കിയായിരുന്നു അന്വേഷണം. ഇതറിഞ്ഞ പ്രതി പത്തനംതിട്ടയിലേക്ക് കടന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയില്‍ നിന്നും പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ. ടി.രാജേഷ്‌കുമാര്‍, എസ്.എ.മാരായ എം.എസ്.അനീഷ്, ചന്ദ്രമോഹന്‍, പ്രൊബേഷണറി എസ്.ഐ. പ്രമോദ്, സിവില്‍ ഓഫീസര്‍ ജസ്‌നോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.
