പട്ടയത്തിലെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടത് ഏഴരലക്ഷം രൂപ; മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റ് തിരുത്താൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ. മലപ്പുറത്ത് കൈക്കൂലിയുടെ അഡ്വാൻസായി 50000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഅമത്തുള്ളയാണ് പിടിയിലായത്. ആദ്യ ഗഡുവായി 2 ലക്ഷം രൂപ ഉടൻ നൽകണമെന്ന് പറഞ്ഞതോടെ തിരുവാലി സ്വദേശിയായ സ്ഥലം ഉടമ വിജിലൻസിൽ വിവരം അറിയിച്ചു. പിന്നാലെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ നിഅമത്തുള്ള കുടുങ്ങുകയായിരുന്നു.


വിജിലൻസിന്‍റെ നിർദേശപ്രകാരം 50,000 രൂപ അഡ്വാൻസ് ഇന്നുതന്നെ നൽകാമെന്ന് ഭൂവുടമ ഇയാളെ അറിയിച്ചു. ഇത് കൈപ്പറ്റാനായി കാരക്കുന്ന് എത്തിയപ്പോഴാണ് നിഅമത്തുള്ള പിടിയിലായത്. മലപ്പുറം തവനൂർ കുഴിമണ്ണ സ്വദേശിയായ പരാതിക്കാരന്റെ മുത്തച്ഛന്റെ പേരിൽ തിരുവാലി വില്ലേജ് പരിധിയിൽ പെട്ട 74 സെന്റ് വസ്തുവിന് പട്ടയം അനുവദിച്ച് കിട്ടുന്നതിന് അമ്മയുടെ പേരിൽ രണ്ട് വർഷം മുമ്പ് തിരുവാലി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിന്മേലുള്ള നടപടി സ്വീകരിച്ചു വരവേ അന്നത്തെ വില്ലേജ് ഓഫീസർ ട്രാൻസ്ഫർ ആയി പോയി.

ഈമാസം 7-ാം തിയതി വില്ലേജ് ഓഫീസിൽ പട്ടയത്തിന് നൽകിയിരുന്ന അപേക്ഷയെ കുറിച്ച് അന്വേഷിച്ച് ചെന്നപ്പോൾ പരാതിക്കാരന്റെ അമ്മയുടെ പേരിൽ സമർപ്പിച്ച അപേക്ഷ ഓഫീസിൽ കാണാനില്ലായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഹമത്തുള്ള അറിയിച്ചു. പരാതിക്കാരന്റെ അമ്മയെ കൊണ്ട് പുതിയ അപേക്ഷ എഴുതി വാങ്ങിക്കുകയും ചെയ്തു. തുടർന്ന് അപേക്ഷയെ സംബന്ധിച്ച് വീണ്ടും വില്ലേജ് ഓഫീസിൽ അന്വേഷിച്ചു ചെന്ന പരാതിക്കാരനോട് നിലവിലുള്ള അപേക്ഷ പ്രകാരം പട്ടയം കിട്ടാൻ സാധ്യതയില്ലെന്നും, മറ്റൊരു വഴിയുണ്ടെന്നും, അതിന് സെന്റൊന്നിന് 9,864 രൂപ വച്ച് 7,29,936 രൂപ കൈക്കൂലി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

കൈക്കൂലിയുടെ ആദ്യ ഗഡുവായി 50,000 രൂപ ഇന്ന് രാവിലെ മഞ്ചേരി കാരക്കുന്നിൽ എത്തിക്കാനും ബാക്കി തുക നാല് മാസം കഴിഞ്ഞ് പട്ടയം കിട്ടുന്ന സമയത്ത് നൽകണമെന്നുമാണ് നിഹമത്തുള്ള നിർദ്ദേശിച്ചത്. ഇതോടെ പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രാവിലെ 10:45 മണിയോടുകൂടി വിജിലൻസിന്‍റെ നിർദ്ദേശ പ്രകാരം പരാതിക്കാരൻ പണവുമായെത്തി. കാരക്കുന്നിൽ വച്ച് 50,000 രൂപ കൈക്കൂലി വാങ്ങവേ നിഹമത്തുള്ളയെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: