റാഞ്ചി: ആടിനെ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ട യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ഝാർഖണ്ഡിൽ ജംഷഡ്പുരിലെ ചക്കുലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് യുവാക്കളെയാണ് ആട് മോഷണത്തിനിടെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് നാട്ടുകാർ കയ്യോടെ പിടികൂടിയ യുവാക്കളുടെ ദാരുണമായ മരണം.
കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോർസ ഗ്രാമവാസിയായ ഹർഗോവിന്ദ് നായകിന്‍റെ വീട്ടിൽനിന്ന് ആടിനെ മോഷ്ടിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടതോടെ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ കൈയോടെ പിടികൂടിയ ഇരുവരെയും കെട്ടിയിട്ടാണ് മർദിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുഷാക് സംഭവ സ്ഥലത്തും ഭോല നാഥ് മഹാത്മ ഗാന്ധി മെഡിക്കൽ കോളജിൽവെച്ചുമാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി ഋഷഭ് ഗാർഗ് പറഞ്ഞു. മറ്റു പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്
