വാടാനപ്പള്ളി: അപകടത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ. കുന്ദംകുളം ചൊവ്വന്നൂർ സ്വദേശിയായ കണ്ടിരിത്തി വീട്ടിൽ പൊടി എന്ന് വിളിക്കുന്ന ആദിത്യൻ (19), പോർക്കളം കല്ലേഴിക്കുന്ന് സ്വദേശിയായ കറുത്തപടി വീട്ടിൽ ദീപു (19) എന്നിവരെയാണ് ചേറ്റുവയിൽ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല പെട്രോളിങ്ങിനിടയിലാണ് ഇരുവരും കുടുങ്ങിയത്.
സാമൂഹിക വിരുദ്ധ പ്രവർത്തനം തടയാനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി നടക്കുന്ന രാത്രികാല പെട്രോളിങ്ങിനിടയിൽ വാടാനപ്പള്ളി പൊലീസ് ചേറ്റുവ ഭാഗത്ത് വെച്ചാണ് മോഷ്ടിച്ച ബൈക്കുമായി ഇരുവരെയും പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണമാണ് പെട്രോളിങ് ശക്തമാക്കിയത്. ശനിയാഴ്ച പുലർച്ച വാഹന പരിശോധന നടത്തുന്നതിനിടെ ഹെഡ് ലൈറ്റ് ഇടാതെ ഓടിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ബൈക്ക് തടയുകയായിരുന്നു.
ഇതേതുടർന്ന് ഇരുവരേയും ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ബൈക്കിന്റെ രജിസ്ട്രേഷൻ പരിശോധിച്ച് ഉടമസ്ഥന്റെ ഫോൺ നമ്പർ കണ്ടെത്തി അന്വേഷിച്ചപ്പോളാണ് കഴിഞ്ഞാഴ്ച വാഹനാപകടത്തിൽപെട്ട ബൈക്കാണ് ഇതെന്ന് മനസിലായത്. വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ചൊവ്വന്നൂർ ഒരു വീടിന്റെ പോർച്ചിൽ കയറ്റിവെച്ചിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ച് കൊണ്ടുവന്നത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ, രഘുനാഥൻ, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ്, സിവിൽ പൊലീസ് ഓഫിസർ രാഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
