Headlines

ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കടക്കം ഈ സമരം ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നുമാണ് ആരോപണം. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി.


അതേസമയം, ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് തിരിച്ചടിച്ചു. സമരത്തിന് പിന്തുണയറിയിച്ച് നടി രഞ്ജിനി സമരപ്പന്തലിലെത്തി.

സംസ്ഥാനത്ത് 27,000 ആശമാർ ഉണ്ടെന്നും അതിൽ വളരെ കുറച്ച് പേർ മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും എളമരം കരീം പറഞ്ഞു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് അതിവേഗം പിന്തിരിയണം. പാട്ടപ്പിരിവ് സംഘങ്ങളാണ് സമരത്തിന് പിന്നിൽ. ആശമാർക്ക് ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. വോളണ്ടിയേഴ്സ് എന്ന പരിഗണനയാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതം തന്നെയാണ്. സമരത്തെ പിന്തുണയ്ക്കുന്നത് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസുമാണ്. എന്തുകൊണ്ട് ഐഎൻടിയുസിയോ എഐടിയുസിയോ പിന്തുണയ്ക്കുന്നില്ല? ഇതിന് സമാനമായിരുന്നു പെമ്പിളൈ ഒരുമൈ എന്ന പേരിൽ നടത്തിയ സമരം. ആശകളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് കൊണ്ടിരിത്തിയിരിക്കുകയാണ്. ആശകൾ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്താൽ സിഐടിയു പിന്തുണയ്ക്കും. സെക്രട്ടേറിയേറ്റ് പടിക്കലെ സമരം തുടരുന്നതുകൊണ്ട് സർക്കാരിന് പ്രതിസന്ധിയില്ലെന്നും എളമരം കരീം പറഞ്ഞു.

അതേസമയം സമരത്തെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത് വന്നു. ആശാവർക്കർമാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാർ കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അവർ പറഞ്ഞു. ആശാ വർക്കർമാർക്ക് ഓണറേറിയമാണ് നൽകുന്നത്. അത് പാരിതോഷികമായാണ് കണക്കാക്കുന്നത്. ശമ്പളം എന്ന നിലയിൽ പോലും പ്രതിഫലം പരിഗണിക്കപ്പെടുന്നില്ല. വളരെ ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: