പി.സി ജോർജിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാൽ  പാലാ സബ് ജയിലേയ്ക്ക് മാറ്റും.

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആദ്യം ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇസിജി വ്യതിയാനം കണ്ടെത്തിയതിനാൽ പി.സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ആരോഗ്യ നില മെച്ചപ്പെട്ടാൽ പി.സി ജോർജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റും.


ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ പി.സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പി.സി ജോർജിൻ്റെ ജാമ്യാപക്ഷേ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി.സി ജോർജ് ഇന്നലെ രാവിലെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്. പി.സി ജോർജിൻ്റെ ജാമ്യഹർജി പരിഗണിക്കവെ അസിസ്റ്റൻ്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പി.സി ജോർജിന് വേണ്ടി ഹാജരായത്.

ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി.സി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ സപ്പോർട്ടിലാണെന്നതിൻ്റെ രേഖകളും പി.സി ജോർജ് കോടതിയിൽ സമർ‌പ്പിച്ചു. നേരത്തെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് സംഘം പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: