പാലക്കാട്: ഉത്സവത്തിൽ പങ്കെടുക്കാനായി പുതുശ്ശേരി ക്ഷേത്രത്തിലെത്തിയ വയോധികയുടെ മാല കവർന്ന രണ്ട് പേർ പിടിയിൽ. പിടിയിലായ ഇരുവരും തമിഴ് നാടോടി സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനികളായ രാജേശ്വരി (30), ഈശ്വരി (43) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയ ശേഷം കസബ പൊലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബസിറങ്ങി ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു എലപ്പുള്ളിപാറ ഏരിയപാടം മാമ്പുള്ളി വീട്ടിൽ സുന്ദരന്റെ ഭാര്യ വെള്ളക്കുട്ടി(75)യുടെ ഒരു പവനോളം വരുന്ന സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. കവർച്ച കണ്ട ഉത്സവപ്പറമ്പിലുണ്ടായിരുന്ന ആളുകൾ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഉത്സവം നടക്കുന്ന ഇടങ്ങളിൽ ഒന്നിച്ച് എത്തുകയും പ്രായമായ സ്ത്രീകളെ ലക്ഷ്യം വെച്ച് അവരുടെ മാലയും ബാഗും മോഷ്ടിക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കസബ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐമാരായ എച്ച്. ഹർഷാദ്, വിപിൻരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ. രാജീദ്, സി. സുനിൽ, എസ്. അശോക്, ടി.കെ. സുധീഷ്, ധന്യ, ശ്രീക്കുട്ടി, ഡ്രൈവർ മാർട്ടിൻ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു
