തിരുവനന്തപുരം: പത്തുവര്‍ഷം മുന്‍പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കാത്തതിന് കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍. അവകാശികള്‍ക്ക് ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ രണ്ടുമാസത്തിനകം കമ്പനി തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. വിഴിഞ്ഞം കടപ്പുറത്തുനിന്നും 2014 നവംബര്‍ 16-ന് ആണ് കടലില്‍ പോയ പള്ളിത്തുറ പുരേടത്തില്‍ ബിജുവിനെ കാണാതായത്.
ഇത്തരം കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി അമിതമായ സാങ്കേതികത്വം പ്രയോഗിക്കുന്നത് നീതിപൂര്‍വമല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍ മാനേജര്‍ക്കും കേരള ഫിഷര്‍മെന്‍ വെല്‍ഫയര്‍ ബോര്‍ഡ് കമ്മിഷണര്‍ക്കുമാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ബിജുവിനെ കടലില്‍ കാണാതായെന്ന സബ് കളക്ടറുടെ സാക്ഷ്യപത്രം (മാന്‍ മിസിങ് സര്‍ട്ടിഫിക്കറ്റ്) ഉള്‍പ്പെടെ ഹാജരാക്കിയിട്ടാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചത്.
അതേസമയം, ഇന്‍ഷുറന്‍സ്malsya കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷക ആരോപണങ്ങള്‍ നിഷേധിച്ചു. 2014 മുതല്‍ കാണാതായ ബിജുവിനെ കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയത് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും ഇന്‍ഷ്വറന്‍സ് ക്ലെയിമിന് അപേക്ഷ നല്‍കിയത് ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും കമ്പനി വാദിച്ചു. അതിനാല്‍ ക്ലെയിം നല്‍കാനാവില്ലെന്നും കമ്പനി നിലപാടെടുത്തു.
എന്നാല്‍, കമ്പനിയുടെ വാദം ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തള്ളി. കാണാതായി ഏഴു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് വകുപ്പ് 108 പ്രകാരം കാണാതായതായി അനുമാനിക്കാന്‍ കഴിയുകയുള്ളുവെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 2021-ലാണ് ഏഴുവര്‍ഷം കഴിഞ്ഞത്. 2019-ല്‍ തന്നെ പരാതിക്കാരിയായ അമ്മ- മാര്‍ഗരറ്റ് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചിരുന്നു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചട്ടങ്ങള്‍ പ്രകാരമുള്ള സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതെന്നും വെറുമൊരു സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതിയല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാരാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി എത്രയും വേഗം തീരുമാനമെടുക്കണമെന്നും രണ്ടുമാസത്തിനുള്ളില്‍ പരാതി പരിഹരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
