കോഴിക്കോട്:കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.
തൃശൂർ സ്വദേശിയെയാണ് ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുന്നതിനാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.
ഫെബ്രുവരി 24നാണ് തൃശൂർ സ്വദേശിനിയും ഗവ. ലോ കോളജ് വിദ്യാർഥിനിയുമായ മൗസ മെഹ് റിസിനെ (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോവൂർ ബൈപാസിലെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു രണ്ടാം വർഷ എല്‍.എല്‍.ബി വിദ്യാർഥിനിയായ മൗസ.
ഒപ്പം താമസിക്കുന്ന വിദ്യാർഥി മുറിയിലെത്തിയപ്പോഴാണ് മൗസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്ളില്‍ നിന്ന് കുറ്റിയിട്ട കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തുക്കളും മൗസയുടെ ബന്ധുക്കളും പ്രതിക്കെതിരെ മൊഴി നല്‍കി.
ലോ കോളജിന് സമീപത്തെ കടയില്‍ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നപ്പോഴാണ് പ്രതിയെ പരിചയപ്പെടുന്നത്. വിവാഹിതനായ ഇയാള്‍ ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. യുവാവ് വിവാഹിതനും കുട്ടികളുടെ പിതാവുമാണെന്ന് മനസിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് പൊലീസ് നിഗമനം.
മൗസയുടെ ഫോണ്‍ മരിക്കുന്നതിന് തലേദിവസം പ്രതി കൈക്കലാക്കിയതായും സംശയിക്കുന്നു. പ്രതിക്കായി പൊലീസ് ഗൂഡല്ലൂരിലും വയനാട്ടിലും തിരച്ചില്‍ നടത്തിയിരുന്നു.
