മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ നിയമലംഘനങ്ങള്‍ എഐ ക്യാമറ വന്നതിന് ശേഷം കാര്യമായി കുറഞ്ഞത് രാജ്യം മുഴുവൻ ശ്രദ്ധേയമായിരുന്നു.
നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പിഴ സംഖ്യയുടെ വിവരങ്ങളും വീടുകളിലേക്ക് എത്തുന്ന രീതിയിലായിരുന്നു എംവിഡി എഐ ക്യാമറ സംവിധാനം സജ്ജീകരിച്ചിരുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ മാതൃക ഏറ്റെടുത്തിരിക്കുകയാണ് പഞ്ചാബ്. പഞ്ചാബിലെ മൊഹാലിയില്‍ എഐ ക്യാമറയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ഉദ്ഘാടനം ചെയ്തു.
എഐ പവർഡ് സിറ്റി സർവൈലൻസ് ആൻഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിലാണ് പുതിയ എഐ സംവിധാനം മൊഹാലിയില്‍ ആരംഭിച്ചിരിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, ഗതാഗത മാനേജ്‌മെന്റ് കാര്യക്ഷമമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. 77 കോടി രൂപയാണ് ആദ്യഘട്ടത്തിലെ പദ്ധതി ചിലവ്. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെന്ററിന് (ICCC) കീഴില്‍, മൊഹാലി പൊലീസ് എൻട്രി പോയിന്റുകള്‍, ഇന്റർസെക്ഷനുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗ്‌നിഷൻ സിസിടിവി ക്യാമറകളും ഫേഷ്യല്‍ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയും സ്ഥാപിച്ചിട്ടുണ്ട്.
സുഗമമായ നിയന്ത്രണത്തിനായി അഡാപ്റ്റീവ് ട്രാഫിക് കണ്‍ട്രോള്‍, വെഹിക്കിള്‍-ആക്‌ച്വേറ്റഡ് കണ്‍ട്രോള്‍ അധിഷ്ഠിത ട്രാഫിക് ലൈറ്റുകളും പുതിയ സംവിധാനത്തില്‍ ഉണ്ട്. നിലവില്‍, മൊഹാലിയില്‍ 17 സ്ഥലങ്ങളിലായി 350 ക്യാമറകളുള്ള നിരീക്ഷണ ശൃംഖലയാണ് ഉള്ളത്. സിറക്പൂരില്‍ 70 റേഡിയോ ഫ്രീക്വൻസി (RF) അധിഷ്ഠിത വയർലെസ് സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. പട്യാല, ലുധിയാന, ഫത്തേഗഡ് സാഹിബ്, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളിലും സമാനമായ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍ അവതരിപ്പിക്കുമെന്ന് പഞ്ചാബ് ഡിജിപി പറഞ്ഞു.
