Headlines

ഹോളിക്ക് മുന്നോടിയായി തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

ജയ്‌പൂർ: ഹോളിക്ക് മുന്നോടിയായി തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലായിരുന്നു സംഭവം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന 25 കാരനായ ഹൻസ് രാജാണ് ലൈബ്രറിയിൽ വച്ച് ദാരൂണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന യുവാവിനെ അശോക്, ബബ്ലു, കലുറാം എന്നിവർ ചേർന്ന് വർണ്ണപ്പൊടി പുരട്ടാൻ ശ്രമിച്ചു. വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് ഇത് വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. ദേഷ്യം തീരാഞ്ഞതിനാൽ പ്രതികൾ ചേർന്ന് യുവാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ദിനേശ് അഗർവാൾ പറഞ്ഞു.


സംഭവത്തിൽ പ്രതിഷേധിച്ച് യുവാവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസ് രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഹൻസ് രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്ന് പേരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 1 മണി വരെ ദേശീയ പാത ഉപരോധിച്ചു. പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കി തരാമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് മൃതദേഹം റോഡിൽ നിന്ന് മാറ്റിയത്. പ്രതികളായ മൂന്നുപേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൻസ് രാജിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: