ലക്നൗ: മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്ത യുവാവിനെ കാമുകിയും നിലവിലെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ മാർച്ച് 14നാണ് കൊലപാതകം നടന്നത്. ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ നിലവിലെ കാമുകനാണ് യുവാവിനെ വെടിവെച്ച് കൊന്നത്. ഒരു മാസത്തിലേറെയായി ദിൽജിത്തിനെ കൊലപ്പെടുത്താൻ യുവതിയും പുതിയ കാമുകനായ രാജ്‌കുമാറും ചേർന്ന് പദ്ധതിയിട്ടിരുന്നു. ദിൽജിത്ത് സ്ഥിരമായി തന്നെ വിളിച്ച് ശല്യം ചെയ്യുന്നുവെന്നും, പ്രണയ ബന്ധം തുടരാൻ നിർബന്ധിക്കുന്നുവെന്നും പറഞ്ഞ് യുവതിയാണ് രാജ്‌കുമാറിനെക്കൊണ്ട് കാമുകനെ കൊലപ്പെടുത്താൻ ആദ്യം പദ്ധതി ഇട്ടത്.
ഹോളി ദിനത്തിൽ രാത്രി ദിൽജിത്ത് വീടിന് പുറത്ത് നിന്ന് മുൻ കാമുകിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രാജ്‌കുമാർ വെടി വെക്കുകയായിരുന്നു. ഉടൻ തന്നെ ദിൽജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. മാസങ്ങൾക്കു മുൻപ് മറ്റൊരു പെൺകുട്ടിയുമായി ദിൽജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
എന്നാൽ ആ വിവാഹത്തിന് ദിൽജിത്തിന് താൽപര്യമില്ലായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷവും മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ദിൽജിത്ത് തയാറായില്ല. കാമുകിയെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ദിൽജിത്ത് നിരന്തരം പ്രശ്‌നമുണ്ടാക്കുമായിരുന്നു. തുടർന്ന് യുവതി പുതിയ കാമുകനായ രാജ്കുമാറുമായി ചേർന്ന് ദിൽജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പ്രതികളായ രാജ്‌കുമാറിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുകയാണ്
