സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: വീടിന്റെ പരിസരത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാംവിലാസ് സിങിന്റെ മകൻ വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്. എട്ട് വയസുകാരിയായ മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസമയത്ത് കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.40നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുകയാണ് രാംവിലാസ് സിങ്.


ജോലി സ്ഥലത്തായിരുന്ന തന്നോട് ഒരു ബന്ധു വിളിച്ച് മകൻ മരിച്ച വിവരം അറിയിക്കുകയായിരുന്നു എന്നാണ് രാംവിലാസ് സിങ് പോലീസിനോട് പറഞ്ഞത്. കുട്ടി മാലിന്യങ്ങൾ നിറഞ്ഞ ഓടയിലേക്ക് വീണ ഉടൻ തന്നെ പുറത്തെടുത്ത് ജെപിസി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടം സംഭവിച്ച ഓടയെന്ന് പ്രദേശവാസികൾ പറഞ്ഞു. ദീർഘകാലമായി തുറന്നുകിടക്കുകയായിരുന്ന ഓട മൂടണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: