ന്യൂഡല്‍ഹി: 2030 ആവുമ്പോഴേക്കും ഇന്ത്യയില്‍ 100 കോടി 5ജി വരിക്കാരുണ്ടാകുമെന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തല്‍. ആഗോള തലത്തില്‍ ഏറ്റവും വേഗമേറിയ 5ജി വ്യാപനത്തിനാണ് ഇന്ത്യ സാക്ഷിയായതെന്നും ഇതുവരെ 4.7 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി ടെലികോം 5ജി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 99.6 ശതമാനം ജില്ലകളിലും 5ജി എത്തിക്കഴിഞ്ഞു. ആകെ മൊബൈല്‍ ഉപഭോക്താക്കളില്‍ 23 ശതമാനം പേരിലേക്കും 5ജി എത്തിക്കഴിഞ്ഞു. ഇത് 2030 ആവുമ്പോഴേക്കും 100 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് മൊബൈല്‍ വരിക്കാരില്‍ 74 ശതമാനം 5ജി ഉപഭോക്താക്കളായി മാറും. മിത്തല്‍ പറഞ്ഞു.
5ജി കണക്റ്റിവിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) എന്നിവ നവീകരണത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല, വ്യവസായങ്ങളെയും സമ്പദ്വ്യവസ്ഥകളെയും ദൈനംദിന ജീവിതത്തെയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. ഇവ മൂന്നും ഒരുമിച്ച് ചേര്‍ത്താല്‍, ശരിക്കും ശക്തമാണ്. ഇത് സാങ്കേതികവിദ്യയിലെ ഒരു പരിവര്‍ത്തനാത്മക കുതിച്ചുചാട്ടമാണ്, ആരോഗ്യ സംരക്ഷണം, നിര്‍മാണം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ തദ്ദേശീയ വ്യവസായങ്ങളില്‍ നവീകരണത്തിന് അഭൂതപൂര്‍വമായ അവസരങ്ങള്‍ അത് സാധ്യമാക്കുന്നു,” മിത്തല്‍ പറഞ്ഞു.
എഐ അധിഷ്ഠിത സഞ്ചാര്‍ സാഥി സേവനത്തെ കുറിച്ചും മിത്തല്‍ പരാമര്‍ശിച്ചു. തട്ടിപ്പുകള്‍ തടയുന്നതിനും, മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും, മൊബൈല്‍ കണക്ഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും വേണ്ടി പൗരന്‍മാരെ കേന്ദ്രീകരിച്ചുള്ള സേവനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ചാര്‍ സാഥി സേവനം ആരംഭിച്ചശേഷം 3.4 കോടി മൊബൈല്‍ കണക്ഷനുകല്‍ വിച്ഛേദിച്ചുവെന്നും 30 ലക്ഷം മൊബൈലുകള്‍ ബ്ലോക്ക് ചെയ്്തുവെന്നും 17 ലക്ഷം മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. സിഎല്‍ഐ സ്പൂഫിങ് ഉപയോഗിച്ച് അന്താരാഷ്ട്ര സ്പൂഫ് കോളുകള്‍ 96 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. 5ജിയുടെ വ്യാപനത്തിനായി മറ്റ് നിരവധി പദ്ധതികളും ടെലികോം വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മിത്തല്‍ പറഞ്ഞു.
