ചെന്നൈ: നിയന്ത്രണം വിട്ട ആഢംബര കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കന്യാകുമാരി തക്കലക്ക് സമീപമാണ് അപകടം ഉണ്ടായത്. തക്കല മുട്ടയ്‌ക്കാട് സ്വദേശി ആരോഗ്യ (47) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ചായ കുടിച്ചുകൊണ്ടിരുന്നവർക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ കടയിലുണ്ടായിരുന്ന ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. കടയിൽ നിന്നിരുന്ന ആരോഗ്യയുടെ നേരെ കാർ പാഞ്ഞ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ആരോഗ്യത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വാഹനം ഓടിച്ച ജെബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
