ബെംഗളൂരു: കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപം സഹോദരനെ മര്‍ദിച്ച് അവശനാക്കിയശേഷം ബിഹാര്‍ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക കോലാര്‍ സ്വദേശികളായ ആസിഫ്, സയ്യിദ് മുസ്ഹര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവതിയെ ബലാത്സംഗംചെയ്തത് ആസിഫാണെന്നും യുവതിയുടെ സഹോദരനെ മര്‍ദിച്ച് അവശനാക്കിയത് സയ്യിദ് മുസ്ഹറാണെന്നും വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപത്താണ് യുവതി ബലാത്സംഗത്തിനിരയായത്. കൊച്ചിയില്‍ ജോലിചെയ്യുന്ന ബിഹാര്‍ സ്വദേശിയായ യുവതി നാട്ടില്‍ പോകാനാണ് ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞദിവസം കൊച്ചിയില്‍നിന്ന് യാത്രതിരിച്ച യുവതി അര്‍ധരാത്രിയോടെ ട്രെയിനില്‍ ബെംഗളൂരുവിലെത്തി. ബെംഗളൂരുവിലേക്ക് വരുന്നവിവരം ഇവിടെ ജോലിചെയ്യുന്ന അമ്മാവന്റെ മകനെ യുവതി നേരത്തെ അറിയിച്ചിരുന്നു. ബന്ധുവിന്റെ നിര്‍ദേശപ്രകാരമാണ് യുവതി കെആര്‍ പുരം സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. തുടര്‍ന്ന് ഇരുവരും ഭക്ഷണം കഴിക്കാനായി മഹാദേവപുര ഭാഗത്തേക്ക് പോയി. ഇതിനിടെയാണ് ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ ഇവരെ ആക്രമിച്ചത്.
ഓട്ടോയിലെത്തിയ പ്രതികളില്‍ ഒരാള്‍ യുവതിയുടെ ബന്ധുവിനെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയും പിടിച്ചുവെയ്ക്കുകയുമായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ യുവതിയെ ആളൊഴിഞ്ഞസ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കുകയുംചെയ്തു. ബഹളവും കരച്ചിലും കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഇതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനുപിന്നാലെ രണ്ടാമത്തെ പ്രതിയെയും പോലീസ് പിടികൂടുകയായിരുന്നു.
