കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ സ്ത്രീകൾ എതിർത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യമായെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കേരള ഹൈക്കോടതിയുടെ പരാമർശം. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച കേസിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന് പുതിയൊരുമാനം നൽകിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീമുന്നേറ്റത്തിൽ പൊതുവിടങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായെഹ്കിലും സ്വകാര്യയിടങ്ങളിൽ ഇത്തരമൊരു മാറ്റമില്ലെന്നും കോടതി പറഞ്ഞു. വീടുകളിൽനിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയുമടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ചരിത്രപരമായ ഘടകങ്ങളാണ് പൊതുവിടങ്ങളിലെ സ്ത്രീ മുന്നേറ്റത്തിന് കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി. മത-ജാതീയ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾക്കൊപ്പം സ്ത്രീകൾക്കുനേരെയുള്ള അടിച്ചമർത്തലുകൾക്കെതിരേയും മുന്നേറ്റങ്ങളുണ്ടായി. ഈ പോരാട്ടങ്ങളുടെ മുൻനിരയിൽ സ്ത്രീകളുമുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാൽ, വീടുകളിലേക്കും മതങ്ങളിലേക്കും എത്തുമ്പോൾ അവിടെ കാര്യമായ മുന്നേറ്റമുണ്ടായെന്നു പറയാനാകില്ല. സ്ത്രീശക്തിയെ അവർ തിരിച്ചറിയണമെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.
