Headlines

സിഐടിയു ഭീഷണി; സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായി വ്യാപാരികൾ; 22 ന് പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു




പാലക്കാട്: 22ന് പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കുളപ്പുള്ളിയിൽ സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായാണ് വ്യാപാരികൾ ഹർത്താൽ പ്രഖ്യാപിച്ചത്. പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്‍റ്സിലെ തൊഴിൽ തർക്കത്തിൽ കടയുടമയ്ക്ക് പിന്തുണയുമായി പ്രതിഷേധം നടത്തുന്നതിനിടെയാണ് ഹർത്താൽ പ്രഖ്യാപനം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധ൪ണ സംഘടിപ്പിച്ചത്.


സി ഐ ടി യു തൊഴിലാളികൾ ലോഡ് ഇറക്കാൻ അനുവദിക്കാത്തതിനാൽ 20 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായെന്നും കച്ചവടം നിര്‍ത്തുകയാണെന്നുമാണ് കഴിഞ്ഞ ദിവസം കടയുടമ വ്യക്തമാക്കിയത്. അതേസമയം, തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നും കട പൂട്ടിയാലും പ്രതിഷേധം തുടരുമെന്നും സിഐടിയുവും നിലപാടെടുത്തു.

കഴിഞ്ഞ 20 വർഷമായി നടത്തി വന്ന സിമന്‍റ് കച്ചവടമാണ് ജയപ്രകാശ് അവസാനിപ്പിച്ചത്. സിമന്‍റ് ചാക്കുകൾ കയറ്റി ഇറക്കാൻ യന്ത്രം വെച്ചതിനെ ചൊല്ലിയാണ് സിഐടിയുമായുണ്ടായ തർക്കം ആരംഭിച്ചത്. പിന്നാലെ ഭീഷണി, ഷെഡ് കെട്ടി സമരം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായതോടെ ലോഡ് ഇറക്കാൻ പോലും ആകാത്ത സ്ഥിതിയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇങ്ങനെയൊരു അന്തരീക്ഷത്തിൽ അധികനാൾ തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് കട അടച്ചതെന്നാണ് ജയപ്രകാശ് പറയുന്നത്.

സിമന്‍റ് ഗോഡൗണിന് ഷട്ടറിട്ട് കടമുറി വാടകയ്ക്കെന്ന ബോർഡും വച്ചു. എന്നാൽ, ഉടമ പറയുന്നത് ശരിയല്ലെന്നും കടയുടെ പ്രവർത്തനം തടഞ്ഞിട്ടില്ലെന്നുമാണ് സിഐടിയു വാദം. കയറ്റിറക്ക് യന്ത്രം പ്രവർത്തിപ്പിക്കാൻ അഞ്ച് തൊഴിലാളികളെ വയ്ക്കണമെന്നാണ് സിഐടിയുവിന്‍റെ ആവശ്യം. യന്ത്രം ഓപ്പറേറ്ററെ വെച്ച് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് കടയുടമയും ചൂണ്ടിക്കാട്ടുന്നു.





Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: