ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ(64)യുമായുള്ള വിമാനം ഡൽഹിയിലെത്തി. സുരക്ഷ മുൻനിർത്തി വിമാനം ഇറങ്ങുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. ഡൽഹി പൊലീസിന്റെ വാഹനങ്ങൾ വിമാനത്താവളത്തിലെത്തി. ജയിൽവാൻ, പൈലറ്റ് കാർ, എസ്കോർട്ട് കാർ എന്നിവയും എയർപോർട്ടിലെത്തിയിരുന്നു. എൻഐഎയുടെ ഓഫീസിലേക്ക് പ്രതിയെ കൊണ്ടുവരുമ്പോൾ സുരക്ഷ ഒരുക്കാനാണ് ഈ വാഹനങ്ങൾ.ഡൽഹി പൊലീസിന്റെ തേർഡ് ബെറ്റാലിയൻ ടീമിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
അതേസമയം, തഹാവൂർ റാണയുടെ വരവിന് മുന്നോടിയായി ഡൽഹിയിലെ പല പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ
ലോസ് ആഞ്ജലിസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെത്തിയാൽ താൻ മതത്തിന്റെ പേരിൽ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
