Headlines

‘കുടമാറ്റത്തിലും ഹെഡ്‌ഗേവാര്‍’; കൊല്ലം പുതിയകാവ് പൂരത്തില്‍ ആര്‍എസ്‌എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തി,വിവാദം

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍എസ്‌എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തി.നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രവും ഉയർത്തിയത്.

ഉത്സവ ചടങ്ങുകളില്‍ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് നടപടി.

ഇന്നലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാനം കുറിച്ചുകൊണ്ട് കൊല്ലം പൂരം അരങ്ങേറിയത്. സാംസ്കാരിക സമ്മേളനത്തിന് പിന്നാലെയാണ് കുടുമാറ്റം നടത്തിയത്. ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയതിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊല്ലം കമ്മീഷണർക്ക് പരാതി നല്‍കി. ആർഎസ്‌എസ് സ്ഥാപകന്റെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്നും പരാതിയില്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്

നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യർ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവം ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ ഹൈക്കോടതി രൂക്ഷമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കടയ്ക്കല്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു.

ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആർഎസ്‌എസ് ഗണഗീതം പാടിയ സംഭവവും നടന്നു. വിവാദമായതിന് പിന്നാലെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: