അധ്യാപകർക്ക് വയറുണ്ട്, അവർക്ക് ഭക്ഷണം കഴിക്കണം; ശമ്പളം കൊടുക്കൂ –  ഉത്തരാഖണ്ഡ് ഹൈക്കോടതി



          


ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷമായി കോളേജ് അധ്യാപകരുടെ ശമ്പളം മുടങ്ങിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാരിനേയും കോളേജിനേയുമാണ് ഹൈക്കോടതി വിമർശിച്ചത്. ശമ്പളം മുടങ്ങുന്നത് മനുഷ്യത്വരഹിതം ആണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അധ്യാപകർക്ക് വയർ ഉണ്ടെന്നും അവർക്ക് ഭക്ഷണം കഴിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഉത്തരാഖണ്ഡിലെ ബി.ആർ. അംബേദ്‌കർ ഇന്റർ കോളേജിലെ ചില അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളം മുടങ്ങിയ വിഷയത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കഴിഞ്ഞ മൂന്ന് വർഷമായി കോളേജിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. കോളേജിന്റെ ഗ്രാന്റ് ഉത്തരാഖണ്ഡ് സർക്കാർ തടഞ്ഞു വെച്ചതിനെ തുടർന്നാണ് ശമ്പളവിതരണം പ്രതിസന്ധിയിൽ ആയത്.

അധ്യാപക നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോളേജിനുള്ള ഗ്രാന്റ് നൽകുന്നത് ഉത്തരാഖണ്ഡ് സർക്കാർ നിർത്തിയതും കോളേജിനെ കരിമ്പട്ടികയിൽ പെടുത്തിയതും. 2016ന് ശേഷം കോളേജിൽ നടന്ന എല്ലാ നിയമനങ്ങളിലും ക്രമക്കേട് ഉണ്ടെന്നാണ് ഉത്തർഖണ്ഡ് സർക്കാരിന്റെ വാദം. എന്നാൽ നിയമന നടപടികളിലെ സാങ്കേതിക പിഴവുകൾ പറഞ്ഞ് അധ്യാപകരുടെ ശമ്പളം തടയാൻ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കോളേജിലെ അധ്യാപകരെല്ലാം മികച്ച രീതിയിൽ ജോലി ചെയ്യുകയാണെന്ന് ഹൈക്കോടതി അഭിപ്രായപെട്ടു. സമീപകാലത്ത് മികച്ച പരീക്ഷാഫലം ആണ് കോളേജിലെ വിദ്യാർഥികൾക്ക് ലഭിച്ചതെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുടങ്ങിയ ശമ്പളം അടിയന്തരമായി നൽകാനും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: